Hot Posts

6/recent/ticker-posts

ലോക്ക്ഡൗൺ കാലത്തും കോടികൾ സമ്പാദിച്ച് വിരാട് കോലി


ന്യൂഡൽഹി : കോവിഡ് ഭീതിയിൽ ലോകം ലോക്ക്ഡൗണിൽ ആയപ്പോൾ കായികതാരങ്ങളുടെ വരുമാനത്തിൽ വൻ നഷ്ടമുണ്ടായപ്പോഴും കോടികളുടെ വരുമാനം നേടി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. ഇൻസ്റ്റഗ്രാമിലൂടെയുള്ള വരുമാനത്തിലൂടെയാണ് കോലി കോടികൾ സമ്പാദിച്ചത്. മാർച്ച്12 മുതൽ മെയ് 14 വരെയുള്ള കാലയളവിൽ കോലി 3,79,294 പൗണ്ട് (ഏകദേശം 3 കോടി 62 ലക്ഷം രൂപ) നേടി. ഓരോ സ്‌പോണ്‍സേഡ് പോസ്റ്റിനും കോലി 1,26,431 പൗണ്ട് വീതം സമ്പാദിച്ചതായാണ് കണക്ക്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 1.8 മില്യണ്‍ പൗണ്ട് (ഏകദേശം 17 കോടി രൂപ) ആണ് ഇക്കാലയളവില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസ്റ്റ്യാനോ നേടിയത്. ലയണല്‍ മെസ്സി 12 മില്യണ്‍ പൗണ്ടും നെയ്മര്‍ 1.1 മില്യണ്‍ പൗണ്ടും സമ്പാദിച്ചു. ബാസ്‌ക്കറ്റ് ബോൾ താരം ഷാഖ്വില്‍ ഒനില്‍ 5,83,628 പൗണ്ടുമായി നാലാം സ്ഥാനത്തും മുൻ ഇംഗ്ലീഷ് ഫുഡ്ബോളർ ഡേവിഡ്‌ ബെക്കാം 4,05,359 പൗണ്ടുമായി അഞ്ചാം സ്ഥാനവും നേടി. വിരാട് കോലിയാണ് ആറാം സ്ഥാനത്ത്. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് 1,84,413 പൗണ്ട്, എന്‍ബിഎ താരം ഡ്വെയ്ന്‍ വേഡ് 1,43,146 പൗണ്ട്, ഫുട്‌ബോള്‍ താരം ഡാനി ആല്‍വെസ് 1,33,694 പൗണ്ട്, ബോക്‌സര്‍ ആന്റണി ജോഷ്വ 1,21,500 പൗണ്ട് എന്നിങ്ങനെയാണ് ആദ്യ പത്തിലെ താരങ്ങളുടെ കണക്ക്.

സോഷ്യല്‍ മീഡിയയില്‍ കൂടുതൽ ആരാധകരുള്ള കളിക്കാര്‍ക്കാണ് വരുമാനം ലഭിക്കുക. 200 മില്യണ്‍ ഫോളോവേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ നേടുന്ന ആദ്യ വ്യക്തിയായി ഈ വര്‍ഷം ജനുവരിയില്‍ ക്രിസ്റ്റിയാനോ മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആകെ 427 മില്യണ്‍ ഫോളോവേഴ്‌സ് ക്രിസ്റ്റിയാനോയ്ക്കുണ്ട്. മെസ്സി, ക്രിസ്റ്റ്യാനോ തുടങ്ങിയവര്‍ക്കൊപ്പം മുന്‍നിരയിലെത്താന്‍ കഴിഞ്ഞത് വിരാട് കോലിക്കും നേട്ടമായി.

Reactions