ഹൈദരാബാദ് : കൊറോണയെ പ്രതിരോധിക്കാൻ അവശ്യഘടകമായി മാറിയ മാസ്കിൽ ഫാഷൻ പരീക്ഷണങ്ങൾ തകൃതിയായി നടക്കുകയാണ്. അങ്ങനെയാണ് സ്വർണവും വജ്രവും ഉപയോഗിച്ചുള്ള ബ്രൈഡൽ മാസ്കുകളുടെ കടന്നുവരവ്. ബ്രൈഡൽ വസ്ത്രങ്ങളുടെ ഫാഷന് ഇണങ്ങിയ ഗോൾഡ് മാസ്കുകൾ നിർമിച്ച് ജ്വല്ലറികൾ രംഗത്തെത്തി കഴിഞ്ഞു.
ഇന്ത്യയിൽ ഹൈദരാബാദിലെ ജ്വല്ലറിയാണ് ഗോൾഡ് മാസ്കുകൾ നിർമിക്കുന്നത്. ലക്ഷങ്ങളാണ് മാസ്കിന് വില മതിയ്ക്കുന്നത്. മുജ്താബ ജ്വല്ലേഴ്‌സ് എന്ന സ്ഥാപനം ഗോൾഡ് മാസ്കുകൾ നിർമിയ്ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പൂർണമായും സ്വർണത്തിൽ നിർമിച്ച മാസ്കുകൾക്ക് വൻ ഡിമാൻഡ് ആണ് ഹൈദരാബാദിലെ സമ്പന്നർക്കിടയിൽ ലഭിച്ചിരിക്കുന്നത് എന്ന് ജ്വല്ലറി ഉടമകൾ പറഞ്ഞു. പല രൂപത്തിൽ നിർമിയ്ക്കുന്ന ഇത്തരം മാസ്കുകൾക്ക് കൊറോണയെ ചെറുക്കാൻ ആകുമോ എന്നത് പോലും വിഷയമല്ലാതായിരിക്കുന്നു.
ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സ്വർണത്തിലും വജ്രത്തിലും പണി കഴിപ്പിച്ച ഇത്തരം മാസ്കുകൾ ട്രെൻഡിങ് ആകുന്നുണ്ട്. പാരിസിലാണ് വജ്രത്തിൽ തീർത്ത മാസ്കുകൾ പ്രത്യക്ഷപ്പെട്ടത്. സെലിബ്രിറ്റി വജ്ര വ്യാപാരി കൂടിയായ ആൻഡ്രെ മെസികയുടെ മകൾ വലേറിയ മെസികയാണ് മാസ്‌ക് ഡിസൈൻ ചെയ്തിരിക്കുന്നത്.



