കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായ് വര്‍ധിപ്പിച്ച ബസ് ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് അംഗീകാരം. വര്‍ധിപ്പിച്ച ചാര്‍ജ് കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷന്‍ ബഞ്ച് പുതിയ ഉത്തരവ് ഇറക്കിയത്.
വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് കുറയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ടിക്കറ്റ് നിരക്ക് കുറയ്ക്കരുതെന്ന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കോവിഡിന്റെ സാഹചര്യം പരിഗണിച്ചാണ് ടിക്കറ്റ് നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചതെന്നും നിയന്ത്രണങ്ങള്‍ മാറിയതിനാല്‍ ചാര്‍ജ് കുറയ്ക്കണമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ബസ് ഉടമകള്‍ക്കുള്ള ടാക്സ് മൂന്നുമാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ടിക്കറ്റ് വര്‍ധനയെ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു.
