തിരുച്ചിറപ്പള്ളി: പലഹാരമെന്ന് കരുതി സ്ഫോടക വസ്തു കടിച്ച ആറ് വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട് തൊട്ടിയം അളകറായി സ്വദേശി ഭൂപതിയുടെ മകന്‍ വിഷ്ണുദേവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പിതൃ സഹോദരന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ജെലാറ്റിന്‍ സ്റ്റിക്ക് പലഹാരമാണെന്ന് കരുതി വിഷ്ണു ദേവ് കടിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്. വായിലും മുഖത്തും മാരകമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. സംഭവം രഹസ്യമാക്കിവെച്ച കുടുംബം അന്ന് രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ പോലീസിന് ഇതുമായ് ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് അറിഞ്ഞത്.
ഭൂപതിയുടെ സഹോദരന്‍ ഗംഗാധരന്‍ മീന്‍ പിടിക്കാനായി കൊണ്ടുവന്ന ജെലാറ്റിന്‍ സ്റ്റിക്കാണ് കുട്ടി അബദ്ധത്തില്‍ കടിച്ചതെന്ന് പോലീസ് പറഞ്ഞു. സമീപത്തെ ക്വാറി മാനേജറില്‍നിന്ന് രണ്ട് സ്റ്റിക്കുകളാണ് ഇയാള്‍ വാങ്ങിയത്. ഇതില്‍ ബാക്കിവന്നത് വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് കുട്ടി കടിച്ചു നോക്കിയത്.
സംഭവത്തില്‍ ഗംഗാധരന്‍ അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ കുട്ടിയുടെ പിതാവ് ഭൂപതിയും ബന്ധുവായ തമിഴരസനും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
