തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉത്സവം ഉപേക്ഷിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ മാസപൂജ ചടങ്ങുകള്‍ ആചാരപരമായി നടക്കും. ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും മന്ത്രി അറിയിച്ചു. നിയന്ത്രണം എത്രകാലത്തേക്കെന്ന് പറയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തീര്‍ത്ഥാടകരെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടില്‍ തന്ത്രി ഉറച്ചുനിന്നതോടെ ദര്‍ശനം വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഉത്സവം ചടങ്ങായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആരാധാനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. മദ്യശാലകള്‍ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ തുറക്കാത്തത് മനഃപൂര്‍വ്വമാണെന്നും ബിജെപിയും കോണ്‍ഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു.
ഈ സന്ദര്‍ഭത്തിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയുള്ളതിനാലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരുമായും മറ്റു ചര്‍ച്ച നടത്തുകയും ചെയ്തിരുന്നുവെന്നും' കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉത്സവം മാറ്റിവയ്ക്കണമെന്ന് തന്ത്രി കഴിഞ്ഞ ദിവസം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തന്ത്രിയും ചര്‍ച്ച നടത്തിയത്.
