Hot Posts

6/recent/ticker-posts

താഴത്തങ്ങാടി കൊലക്കേസ്: മൊബൈല്‍ ഫോണുകളും, കത്തികളും, താക്കോല്‍ക്കൂട്ടവും കണ്ടെടുത്തു



കോട്ടയം : താഴത്തങ്ങാടി കൊലക്കേസില്‍ പ്രതി മുഹമ്മദ് ബിലാലി(23)നെ പോലീസ് തണ്ണീര്‍മുക്കം ബണ്ടില്‍ എത്തിച്ചു തെളിവെടുത്തു. കൊലയ്ക്കു ശേഷം വേമ്പനാട്ട് കായലില്‍ ബിലാല്‍ ഉപേക്ഷിച്ച മൂന്ന് ഫോണുകള്‍, മൂന്ന് കത്തികള്‍, ഒരു കത്രിക, താക്കോലുകള്‍ എന്നിവ കണ്ടെടുത്തു.  മുങ്ങല്‍ വിദഗ്ധരെ എത്തിച്ചായിരുന്നു കായലില്‍ പരിശോധന നടത്തിയത്.

താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഭാര്യ ഷീബ (60)യെ കൊലപ്പെടുത്തുകയും ഭര്‍ത്താവ് മുഹമ്മദ് സാലി (65) ക്രൂരമായി ആക്രമിക്കുകയും ചെയ്തശേഷം ബിലാല്‍ ഇവരുടെ വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്കു ചെയ്തിരുന്ന കാറുമായി രക്ഷപെടുകയായിരുന്നു. വീട് പൂട്ടി താക്കോലും, മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും കത്തികളുമായാണു പ്രതി രക്ഷപെട്ടത്. ഇവയെല്ലാം തണ്ണീര്‍മുക്കം ബണ്ടില്‍ ഉപേക്ഷിച്ചിരുന്നു.

ഇവിടുത്തെ തെളിവെടുപ്പ് പൂര്‍ത്തിയായശേഷം പ്രതിയെ മൂന്നുമൂല പെട്രോള്‍ പമ്പിലെത്തിച്ചു. ആലപ്പുഴയില്‍ പ്രതി താമസിച്ചിരുന്ന ലോഡ്ജിലും എത്തിച്ചു പ്രതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കും.
മൂന്ന് ദിവസത്തേയ്ക്കാണ് പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ദമ്പതിമാരെ ആക്രമിച്ചു കൊലപ്പെടുത്തിയതു താനാണെന്നും, കുറ്റം ഏറ്റെടുക്കുന്നതായും അഭിഭാഷകന്‍ വേണ്ടെന്നും പ്രതി ബിലാല്‍ പ്രതീകരിച്ചു. പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതിനായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണു പ്രതി പോലീസ് ഉദ്യോഗസ്ഥരോടു ഇങ്ങനെ പറഞ്ഞത്.

Reactions