മലയാളസിനിമാപ്രേമികളുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. അഭിനയം, നൃത്തം എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി. അത്ര എളുപ്പത്തിൽ മാധ്യമങ്ങൾക്ക് പിടിതരാത്ത ആളുകൂടിയാണ് ശോഭന. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിൽ ലൈവായി എത്തിയ ശോഭനയോട് ഒരാൾ രസകരമായ ഒരു ചോദ്യം ചോദിച്ചു.
ചോദ്യമിതായിരുന്നു : " സ്റ്റേജിൽ നൃത്തം ചെയ്തു കൊണ്ടിരിക്കുമ്പോൾ മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടാൽ എന്ത് ചോദിക്കും?"
സെക്കന്റുകൾക്കുള്ളിൽ ശോഭനയുടെ മാസ്സ് മറുപടി.
"ദയവായി മുന്നിൽ നിന്നും മാറി നിൽക്കണം. എന്റെ കാഴ്ചക്കാരെ ബുദ്ധിമുട്ടിക്കരുത് എന്ന് പറയും". ആരും പ്രതീക്ഷിക്കാത്ത മറുപടി നൽകി താരം അടുത്ത ചോദ്യത്തിലേക്ക് നീങ്ങി.
ശോഭനയെ കണ്ടാൽ ഏത് മലയാളിയും ചോദിക്കുന്ന ചോദ്യമായിരിക്കും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒപ്പം അഭിനയിച്ച അനുഭവം. അതിനും ശോഭന മറുപടി നൽകി. മമ്മൂക്ക എപ്പോഴും സീനിയർ എന്ന അകലം പാലിക്കുന്ന ആളാണെന്നും എന്നാൽ വളരെ നല്ല നടനും മനുഷ്യനും ആന്നെന്നും ശോഭന പറഞ്ഞു. മോഹൻലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞു.
മോഹൻലാലിനോടൊപ്പമുള്ള അടുത്ത സിനിമ എന്നാണെന്ന ചോദ്യത്തിന് " താൻ എന്നേ ഒരുക്കമാണ്. അത് തീരുമാനിക്കേണ്ടത് മോഹൻലാലാണ്" എന്നായിരുന്നു ഉത്തരം.
'അപരൻ', 'ഇന്നലെ', 'കാണാമറയത്ത്', 'മണിച്ചിത്രത്താഴ്', 'ഏപ്രിൽ 18' അങ്ങനെ അഭിനയിച്ച എല്ലാ സിനിമകളും തനിക്കിഷ്ടമാണെന്ന് താരം പറഞ്ഞു. തേന്മാവിൻ കൊമ്പത്ത് ആണ് ഏറ്റവും കൂടുതൽ ആസ്വദിച്ച് ചെയ്ത ചിത്രമെന്നും മണിച്ചിത്രത്താഴ് പ്രിയപ്പെട്ടതാണെങ്കിലും മാനസികമായി വളരെയധികം വെല്ലുവിളി ഉയർത്തിയ ചിത്രവും കഥാപാത്രവുമായിരുന്നു അതെന്നും ശോഭന പറയുന്നു.
ഏറെ നാളുകൾക്ക് ശേഷം തിരിച്ച് വരവിന് കാരണമായ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തെ കുറിച്ചും ശോഭന സംസാരിച്ചു. ഒട്ടും മെലോഡ്രാമയില്ലാതെ കൂളായി അഭിനയിച്ച സിനിമയാണ് അതെന്ന് താരം പറഞ്ഞു. ഡിജിറ്റലിലേക്കുള്ള മാറ്റവുമായി ആദ്യം പൊരുത്തപ്പെടാൻ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് വളരെ ആസ്വദിച്ചാണ് താൻ ചിത്രം ചെയ്തതെന്നും ശോഭന കൂട്ടിച്ചേർത്തു.
