മലപ്പുറം: മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതികളില്‍ മേല്‍ മുന്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഏഴ് പരാതികള്‍ മനേകാ ഗാന്ധിക്കെതിരെ മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ടെന്നാണ് ജില്ലാ പോലീസ് മേധാവി പറയുന്നത്. ഇവയില്‍ എല്ലാംകൂടി ഒറ്റ എഫ്.ഐ.ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മലപ്പുറം ജില്ല മൃഗങ്ങള്‍ക്കെതിരായ ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്ന് മനേകാ ഗാന്ധി ആരോപിച്ചിരുന്നു. ജില്ലക്കെതിരെയും അവിടുത്തെ ജനങ്ങള്‍ക്കെതിരെയും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് എല്ലാ പരാതികളിലും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒരേ സ്വഭാവത്തിലുള്ള നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവും സുല്‍ത്താന്‍പുര്‍ എംപിയുമായ മനേകാ ഗാന്ധിക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
സംഭവം നടന്നത് മലപ്പുറം ജില്ലയിലല്ല പാലക്കാട് ജില്ലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മനേകാ ഗാന്ധി തെറ്റിദ്ധാരണ മൂലമാണ് മലപ്പുറം ജില്ലയ്ക്കെതിരായ പരാമര്‍ശം നടത്തിയതെങ്കില്‍ തിരുത്തുമായിരുന്നുവെന്നും അതിന് തയ്യാറാകാത്തതിനാല്‍ പരാമര്‍ശം ബോധപൂര്‍വം നടത്തിയതാണെന്ന് സംശയിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
