Hot Posts

6/recent/ticker-posts

സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാനൊരുങ്ങി ഉണ്ണി മുകുന്ദൻ


മലയാളികളുടെ സ്വന്തം മസിലളിയൻ സിനിമയിലും സോഷ്യൽ മീഡിയയിലും ഒരു പോലെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരുമായി ഉണ്ണി പങ്കുവെക്കാറുമുണ്ട്. ലോക്ക്ഡൗൺ കാലത്തെ കൃഷിപ്പണിയും ആ സമയത്ത് കൂട്ടായി നിന്നിരുന്ന തന്റെ വളർത്തുനായയെ കുറിച്ചും ഉണ്ണി ആരാധകരോട് സംവദിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന മറ്റൊരു വിവരം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഏതായാലും ഉണ്ണി പങ്കുവെച്ച പുതിയ തീരുമാനത്തിൽ ആരാധകരെല്ലാം സന്തുഷ്ടരുമാണ്. ആരാധകർ ആശംസകളറിയിച്ച് കമന്റ് ബോക്സുകളിൽ സജീവമായി നിൽക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ നിന്ന് താത്കാലികമായി അവധി എടുക്കുകയാണെന്നാണ് ഉണ്ണി മുകുന്ദൻ ആരാധകരെ അറിയിച്ചിരിക്കുന്നത്. പുതിയതായി അഭിനയിക്കാനിരിക്കുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഉണ്ണി മുകുന്ദന്റെ സിനിമാജീവിതത്തിലെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണിത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണി മുകുന്ദൻ തന്റെ പുതിയ തീരുമാനത്തെ കുറിച്ച് അറിയിച്ചത്. 'മേപ്പടിയാൻ' എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങിയതായും ഇടവേളക്ക് ശേഷം വീണ്ടും കാണാമെന്നും ഉണ്ണി കുറിപ്പിലൂടെ വ്യക്തമാക്കി.

"സുഹൃത്തുക്കളെ, മേപ്പടിയാന്‍റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ എന്‍റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്നും അവധിയെടുക്കുകയാണ്. ഒപ്പമുള്ളവര്‍ എനിക്കുവേണ്ടി ആ ഹാന്‍ഡിലുകള്‍ കൈകാര്യം ചെയ്യുകയും പ്രോജക്ടിന്‍റെ വിവരങ്ങള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും. ഇനി തീയേറ്ററില്‍ കാണാം! നന്ദി, നിങ്ങളുടെ ഉണ്ണി മുകുന്ദന്‍", ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. ഈ സന്ദേശം പഴയ ഇന്‍ലന്‍ഡില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്‍റെ മാതൃകയിലും ഉണ്ണി മുകുന്ദൻ പങ്കുവച്ചിട്ടുണ്ട്.



നവാഗതനായ വിഷ്ണു മോഹന്‍ ആണ് മേപ്പടിയാൻ ചിത്രം സംവിധാനം ചെയ്യുന്നത്. മാഡ് ദി മാറ്റിക്സിന്‍റെ ബാനറില്‍ സതീഷ് മോഹന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിനു ശേഷം ഈ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി മേപ്പടിയാനുണ്ട്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നീല്‍ ഡി കുഞ്ഞയാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്. രാഹുല്‍ സുബ്രഹ്മണ്യം സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ലെന, കുണ്ടറ ജോണി, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ശ്രീനിവാസന്‍ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Reactions