ന്യൂഡൽഹി: കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് പ്ലാസ്മ തെറാപ്പി നടത്തി. പനിയില്ലെന്നും തീവ്രപരിചരണ വിഭാഗത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരുമെന്നും സത്യേന്ദർ ജെയിൻറെ ഓഫീസ് അറിയിച്ചു.
ജൂൺ 16നാണ് സത്യേന്ദർ ജെയിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് കടുത്ത പനിയും ശ്വാസതടസവും ഉണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്ത് അറിയിച്ചത്.
ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ നിന്നും സകേത് മാക്സ് ആശുപത്രിയിലേക്കു മാറ്റിയാണ് പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കിയത്.
ജൂൺ 14ന് അമിത് ഷാ വിളിച്ചുചേർത്ത ഡൽഹിയിലെ കോവിഡ് അവലോകന യോഗത്തിൽ സത്യേന്ദർ ജെയിനും പങ്കെടുത്തിരുന്നു. കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
