ഇന്ത്യയുമായി കൂടുതല്‍ ഏറ്റുമുട്ടലിന് താല്‍പര്യമില്ലെന്ന് ചൈന


ബെയ്ജിങ്: ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ചൈന. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വാക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് ചൈനീസ് വക്താവിന്റെ പ്രതികരണം.

'ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയം അക്രമിക്കുകയും ചെയ്തതാണ് ശാരീരിക ഏറ്റുമുട്ടലില്‍ കലാശിച്ചത്. പ്രകോപനം സൃഷ്ടിക്കരുതെന്നും സാഹചര്യം സങ്കീര്‍ണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കരുതെന്നും ഇന്ത്യയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.' ചൈനീസ് വാക്താവ് പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ ഗല്വാന് താഴ്‌വരയില്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ 43 ചൈനീസ് സൈനികര്‍ക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. ഒരു കേണല്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് തിരിച്ചടിയായാണ് ഇന്ത്യയുടെ ആക്രമണം.




Reactions