കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ കരിയാട് പുതിയ റോഡിൽ കിഴക്കേടത്ത് മീത്തൽ സലീഖിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 വയസായിരുന്നു. സലീഖ് ആരോഗ്യ വകുപ്പിന്റെ നീരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല. ഒന്നരം മാസം മുമ്പ് എത്തിയ അദ്ദേഹം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ ശ്രവ പരിശോധന നടത്തിയത്.
ഒന്നരമാസം മുമ്പ് അഹമ്മദാബാദിൽനിന്നെത്തി ക്വാറൻറീൻ കാലയളവിന് ശേഷവും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഉദരസംബന്ധമായ രോഗമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം മതിയായ ചികിത്സ തേടിയില്ലെന്നാണ് വിവരം. ചില സമാന്തര ചികിത്സാ കേന്ദ്രങ്ങളെ സമീപിക്കുകയും അത്തരത്തില്‍ ചികിത്സ തേടുകയുമായിരുന്നു.
ഉദര സംബന്ധമായ രോഗവും അശാസ്ത്രീയ ചികിത്സാ രീതിയുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ശാസ്ത്രീയ ചികിത്സ സ്വീകരിക്കാതിരുന്ന സലീഖ് വീഡിയോ കോളിലൂടെയും മറ്റുമാണ് ചികിത്സ തേടിയത്. ചികിത്സയില്‍ പിഴവുണ്ടെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.
