Hot Posts

6/recent/ticker-posts

ജിയോയിൽ വീണ്ടും വിദേശനിക്ഷേപവുമായി ഗൂഗിൾ.. 33,737 കോടി രൂപയുടെ നിക്ഷേപമാണ് റിലയൻസിലേക്ക് എത്തുക!



മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളിൽ വീണ്ടും വൻതോതിൽ വിദേശ നിക്ഷേപം എത്തുകയാണ്. ഇക്കുറി ഗൂഗിളാണ് നിക്ഷേപവുമായി വരുന്നത്. ജിയോ പ്ലാറ്റ്ഫോംസിന്റെ 7.7 ശതമാനം ഓഹരികളിലായി 33,737 കോടി രൂപയാണു ഗൂഗിൾ നിക്ഷേപിക്കുക. 
റിലയൻസ് ഇൻഡസ്ട്രീസിന്റെ 43–ാം വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22നു ശേഷം ജിയോയിൽ ഉണ്ടാകുന്ന 14–ാമത് നിക്ഷേപമാണിത്.   

നേരത്തെ ഫെയ്സ്ബുക്, സിൽവർ ലേക്ക്, ക്വാൾകോം തുടങ്ങിയ കമ്പനികളും ജിയോയിൽ പണം നിക്ഷേപിച്ചിരുന്നു. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോർഡിട്ടിരുന്നു. ഈ നിലയിലെത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണു റിലയൻസ്. വിദേശനിക്ഷേപകരിൽനിന്നു മൂലധനസമാഹരണം നടത്തിയതോടെ കമ്പനി കടമില്ലാക്കമ്പനിയായി മാറിയെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസമാണു മുകേഷ് അംബാനി ലോക ധനികരില്‍ ആറാം സ്ഥാനം സ്വന്തമാക്കിയത്.


ടെക് ഭീമൻ ഇലോൺ മസ്കിനെയും  ആൽഫബെറ്റ് സഹസ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ് തുടങ്ങിയവരെയും പിന്തള്ളിയാണ് അംബാനി ആറാം സ്ഥാനത്തെത്തിയത്. ബ്ലൂംബർഗ് ബില്യനേഴ്സ് ഇൻഡക്സ് പ്രകാരം 72.4 ബില്യൻ ഡോളറാണ് അംബാനിയുടെ നിലവിലെ ആസ്തി. 70.1 ബില്യൻ ഡോളർ ആസ്തി നേടിയ അംബാനി കഴിഞ്ഞ ആഴ്ച പ്രമുഖ യുഎസ് നിക്ഷേപകൻ വാറൻ ബഫറ്റിനെ പിന്തള്ളിയിരുന്നു. ബ്ലൂംബർഗ് റാങ്കിങ്ങിലെ ആദ്യ അൻപതിൽ സ്ഥാനം നേടിയ ഒരേയൊരു ഇന്ത്യക്കാരനാണു മുകേഷ് അംബാനി. 
Reactions