കൊച്ചി: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞത് അനുസരിച്ചാണ് ഹെദര്‍ ടവറില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന കീഴുദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്റെ അവകാശവാദം സാധൂകരിക്കുന്ന തെളിവുകള്‍ പുറത്ത് വന്നു. അരുണുമായി ശിവശങ്കര്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മേയ് 27-നാണ് ശിവശങ്കർ അരുണ്‍ ബാലചന്ദ്രന് വാട്‌സ്ആപ്പ് സന്ദേശം അയക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ആറ് ദിവസത്തേയ്ക്കാണ് ഫ്‌ളാറ്റ് വേണ്ടതെന്നും മിതമായ നിരക്കില്‍ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം. സുഹൃത്തിനു വേണ്ടിയാണ് ഫ്‌ളാറ്റ് എന്നാണ് ശിവശങ്കരന്‍ പറഞ്ഞതെന്നും അരുണ്‍ വ്യക്തമാക്കിയിരുന്നു.
ഹെദര്‍ ടവറിലെ ഫ്‌ളാറ്റിന്റെ നിരക്ക് എത്രയാണെന്ന് അന്വേഷിച്ച് പറയാന്‍ ശിവശങ്കരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഹെദറില്‍ വിളിച്ച് നിരക്ക് അന്വേഷിച്ച് പറഞ്ഞു കൊടുത്തു. ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ നടന്നത് വാട്ട്‌സ് ആപ്പിലാണ്. ശിവശങ്കറിന് പരിചയമുള്ള ആള്‍ക്കു വേണ്ടിയാണെന്നും നല്ലൊരു ഡിസ്‌കൗണ്ട് കൊടുക്കണമെന്നും ഹെദറില്‍ പറഞ്ഞിരുന്നു.
താന്‍ മുറി ബുക്ക് ചെയ്തിട്ടില്ല. ശിവശങ്കരന്റെ ഓഫീസില്‍ അരുണ്‍ എന്നു പേരുള്ള ഒരാളുണ്ട്. അദ്ദേഹം ബുക്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യം അറിയില്ല. ഫ്‌ളാറ്റിന് 3500-4500 രൂപയോ മറ്റോ ആയിരുന്നു വാടകയായി പറഞ്ഞിരുന്നത്. സുഹൃത്തിന്റെ കുടുംബത്തിന് പുതിയ ഒരു ഫ്‌ളാറ്റിലേക്ക് മാറുന്നതിനു മുമ്പ്, മൂന്നുദിവസം താമസിക്കാനാണ് എന്നാണ് ശിവശങ്കര്‍ പറഞ്ഞതെന്നും അരുണ്‍ ബാലചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അരുണ്‍ ബാലചന്ദ്രന്‍ ബുക്ക് ചെയ്ത് നല്‍കിയ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഫ്ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.
