Hot Posts

6/recent/ticker-posts

കോട്ടയത്തെ സ്ത്രീ സംരക്ഷണ കേന്ദ്രത്തില്‍ പീഡനമെന്ന് പരാതി: ട്രസ്റ്റ് മേധാവിനിയുടെ ഭര്‍ത്താവിനെതിരെ കേസ്



കോട്ടയം: കോട്ടയത്തെ സ്ത്രീ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍, കേന്ദ്രം നടത്തിപ്പുകാരിയുടെ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗറിലെ 'സാന്ത്വനം' ചാരിറ്റബിള്‍ ട്രസ്റ്റ് മേധാവിനി ആനിയുടെ ഭര്‍ത്താവ് ബാബു വര്‍ഗീസിനെതിരേയാണ് കോട്ടയം വനിതാ പോലീസ്സ്‌റ്റേഷനില്‍ കേസെടുത്തത്. 

കഴിഞ്ഞ 12 വര്‍ഷമായ് സാന്ത്വനത്തില്‍ കഴിഞ്ഞ ഇടുക്കി സ്വദേശിനിയായ യുവതിയാണ് ജൂണ്‍ 23ന്്പരാതി നല്‍കിയത്. മുഖ്യമന്ത്രി, ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ചെയ്തത്. വേറെ പെണ്‍കുട്ടികള്‍ക്കും സമാന അനുഭവമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്.

പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ ഇങ്ങനെ: കേന്ദ്രം നടത്തിപ്പുകാരിയുടെ വീട്ടിലെ ജോലികള്‍ക്ക് ഇടയ്ക്ക് കൊണ്ടുപോകുമായിരുന്നു. ഏതാനുംനാള്‍ മുമ്പ് കിടപ്പുരോഗിയായ അമ്മയെ പരിചരിക്കുന്നതിന് അങ്ങോട്ട് വിളിച്ചുവരുത്തി. നടത്തിപ്പുകാരി വീട്ടിലില്ലാതിരുന്ന ഒരുദിവസം, അവരുടെ ഭര്‍ത്താവ് അശ്ലീലസംഭാഷണങ്ങള്‍ നടത്തുകയും പീഡിപ്പിക്കുകയും ചെയ്തു. 

ഒടുവില്‍, രോഗാവസ്ഥയിലുള്ള വൃദ്ധമാതാവിന്റെ മുറിയിലിരുന്നാണ് രക്ഷപ്പെട്ടത്. പിറ്റേന്ന് കേന്ദ്രത്തിലെത്തി നടത്തിപ്പുകാരിയോടും മറ്റുള്ളവരോടും കാര്യങ്ങള്‍ പറഞ്ഞു. അതോടെ ഉടമയായ സ്ത്രീക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ മാറ്റമുണ്ടായി. ഈ സംഭവത്തിനുശേഷവും അവരുടെ ഭര്‍ത്താവ് തുടര്‍ച്ചയായി കേന്ദ്രത്തില്‍ എത്തിത്തുടങ്ങിയതോടെയാണ് പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ അഡ്വ. ഷീജ അനിലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം അഭയകേന്ദ്രം സന്ദര്‍ശിച്ച് തെളിവെടുത്തു. വനിത-ശിശു വികസനവകുപ്പും അന്വേഷണം നടത്തി.ഈ സാഹചര്യത്തില്‍ ഇവിടെ ചെറിയ പെണ്‍കുട്ടികള്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ അറിയിപ്പിനെത്തുടര്‍ന്ന്, ഇവിടെ കഴിഞ്ഞിരുന്ന 17 പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.

പോലീസിന്റെ വിശദമായ അന്വേഷണത്തിനുശേഷമേ കുട്ടികളെ തിരികെ സ്ഥാപനത്തിലേക്ക് അയയ്ക്കണോയെന്ന് തീരുമാനിക്കൂ. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.

അതേസമയം, തന്നോടുള്ള വ്യക്തിവൈരം തീര്‍ക്കാന്‍ ഭര്‍ത്താവിനെതിരേ കേസ് കൊടുക്കുകയായിരുന്നെന്ന് സ്ഥാപനമേധാവിനി പറഞ്ഞു.

Reactions