കോഴിക്കോട്: തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസാണ് പിടിയിലായത്. ഇന്ന് പുലർച്ചെ മലപ്പുറത്തെ വീട്ടിൽ എത്തിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണ് അറസ്റ്റിലായതാണെന്നാണ് സംശയിക്കുന്നത്.
സന്ദീപിന്റെ മൊഴിയനുസരിച്ചാണ് റമീസിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലേക്ക് കൊണ്ടുപോയി. പ്രതികൾ എത്തിക്കുന്ന സ്വർണം വിതരണം ചെയ്തുവെന്ന് കരുതുന്നയാളാണ് റസീമെന്ന് സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ നിക്ഷേപം, സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ഇതിലുള്ള പങ്ക് എന്നിവ സംബന്ധിച്ച വിവരങ്ങളാണ് റമീസിൽനിന്നു കസ്റ്റംസ് അന്വേഷിക്കുക.
കേസിൽ പ്രതിയായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ ബംഗളുരുവിൽ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മുൻ കോണ്‍സലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാർ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്.
