കൊച്ചി: നയതന്ത്രബാഗ് വഴി സ്വർണംകടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് ഫലം നെഗറ്റീവായി. ഇതോടെ ഇരുവരേയും കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് കേസ് പരിഗണിക്കുക.
ഇന്ന് രാവിലെ 11 മണിക്ക് ശേഷമാകും ഇരുവരുടേയും കസ്റ്റഡി അപേക്ഷ പ്രത്യേക എൻഐഎ കോടതി പരിഗണിക്കുക. നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സരിത്തിനെ വിട്ടുകിട്ടുന്നതിനായി എൻ.ഐ.എ വൈകാതെ കോടതിയെ സമീപിക്കും. ഒപ്പം എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള ഇരുവരേയും ചോദ്യം ചെയ്യാനായി കസ്റ്റംസും കോടതിയെ സമീപിക്കും.
നിലവിൽ തൃശ്ശൂരിലെ കോവിഡ് കെയർ സെന്ററില്ലാണ് സ്വപ്ന ഉള്ളത്. സ്വപ്നയെ എത്തിച്ച സാഹചര്യത്തിൽ തൃശ്ശൂരിലെ കോവിഡ് കെയർ സെന്ററിൽ ശക്തമായ നീരീക്ഷണ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
