Hot Posts

6/recent/ticker-posts

കൊട്ടിയൂർ പീഡനക്കേസ്: ഇരയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് ഫാദർ റോബിൻ വടക്കുഞ്ചേരി



കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതി ഫാദർ റോബിൻ വടക്കുഞ്ചേരി പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും അനുമതി തേടി ഹൈക്കോടതിയിൽ അപേക്ഷ നൽകി.  പെൺകുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. സംഭവവുമായ് ബന്ധപ്പെട്ട്  കേസിൽ പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോകസോ കുറ്റം ചുമത്തിയാണ് കോടതി റോബിനെ ശിക്ഷിച്ചത്. മാനന്തവാടി രൂപത വൈദികനായിരുന്ന റോബിൻ, കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വികാരിയായിരിക്കേയാണ് പതിനാറുകാരിയെ പള്ളിമേടയിൽ വച്ച് പീഡിപ്പിച്ചത്. ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. 2019 ഫെബ്രുവരിയിലാണ് തലശേരി പോക്സോ കോടതി റോബിനെ 20 വർഷം കഠിന തടവിനും മൂന്നു ലക്ഷം രൂപയും ശിക്ഷിച്ചത്. മൂന്നു വകുപ്പുകളിലായി 20 വർഷം വീതം 60 വർഷം തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചിരുന്നു.

പെൺകുട്ടിയെയും കുഞ്ഞിനെയും സരേക്ഷിക്കാമെന്നും ശിക്ഷ പരമാവധി കുറച്ചുനൽകണമെന്നും റോബിൻ ആവശ്യപ്പെട്ടുവെങ്കിലും കോടതി ശിക്ഷ ഇളവ് ചെയ്തില്ല. റോബിനെ സംരക്ഷിക്കാൻ കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയ്ക്കും അച്ഛനുമെതിരെ നടപടിയെടുക്കാനും കോടതി നിർദേശിച്ചിരുന്നു. റോബിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം പെൺകുട്ടിയും പ്രകടിപ്പിച്ചിരുന്നു. 2016ലാണ് പതിനാറുകാരിയെ പീഡിപ്പിച്ചത്. കമ്പ്യൂട്ടർ പഠിക്കാൻ എത്തിയ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പള്ളിമുറിയിൽ എത്തിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു റോബിൻ. പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ ഗർഭം കെട്ടിവയ്ക്കാനും ശ്രമം നടത്തി. പ്രായം തിരുത്താനും ശ്രമം നടത്തിയിരുന്നു.

അതേസമയം, ഇപ്പോൾ പ്രായപൂർത്തിയായ പെൺകുട്ടിയെ വിവാഹം കഴിച്ചശേഷം പിന്നീട് ശിക്ഷയിൽ ഇളവ് നേടുന്നതിനുള്ള തന്ത്രമാണ് റോബിൻ നടത്തുന്നതെന്ന് സൂചനയുണ്ട്. വിദേശ ബന്ധങ്ങളും സിറോ മലബാർ സഭയിലും രാഷ്ട്രീയ-ഭരണ നേതൃത്വത്തിലും വൻ സാധീനവുമുണ്ടായിരുന്ന റോബിന്റെ ഇപ്പോഴത്തെ നിലപാടിൽ സഭയിൽ തന്നെ പലർക്കും സംശയമുണ്ട്. നിലവിൽ 50 വയസ്സിനു മുകളിൽ പ്രായമുണ്ട് റോബിന്. പെൺകുട്ടിക്ക് 20 വയസ്സ എത്തിയെന്നാണ് സൂചന. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ രൂപത റോബിനെ സസ്‌പെൻഡു ചെയ്തിരുന്നു. അടുത്ത നാളിൽ വത്തിക്കാനും വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കിയിരുന്നു.

റോബിനെ 2017 ഫെബ്രുവരി 27നു തന്നെ വൈദിക വൃത്തിയിൽനിന്ന് മാനന്തവാടി രൂപതാധ്യക്ഷൻ സസ്പെന്റ് ചെയ്തിരുന്നു. വിവിധ അന്വേഷണ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ 2019 ഡിസംബർ 5നാണ് റോബിൻ വടക്കുംചേരിയെ ഫ്രാൻസിസ് മാർപ്പാപ്പ വൈദിക വൃത്തിയിൽനിന്ന് എന്നെന്നേക്കുമായി നീക്കം ചെയ്തിരുന്നു. ഫാ. റോബിൻ വികാരിയായിരുന്ന പള്ളിയിലെ പള്ളിമേട ബംഗ്ലാവിനെയും തോൽപ്പിക്കുന്ന സൗധമായിരുന്നു. ഓഫീസും ബെഡ്‌റൂമും അടങ്ങിയ ഒരു സ്യൂട്ട് പോലെയായിരുന്നു ഫാ. റോബിന്റെ താമസസ്ഥലം. പീഡനത്തിനിരയായ പെൺകുട്ടിയുമായും അമ്മയുമായും ഫാ. റോബിന് ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നു. 

പെൺകുട്ടിയും അമ്മയും പള്ളിമേടയിലെ നിത്യ സന്ദർശകരായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും പ്രാർത്ഥനകളിലും മാതൃവേദിയിലും ദമ്പതിക്കൂട്ടായ്മയിലും അമ്മ നിറ സാന്നിധ്യമായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയെ ഒരു വർഷത്തോളം ഫാ. റോബിൻ സ്വന്തം മുറിയിൽ വച്ച് കംപ്യൂട്ടർ പഠിപ്പിച്ചിരുന്നു. സ്‌കൂൾ കഴിഞ്ഞാൽ പെൺകുട്ടി നേരേ പോകുന്നത് പള്ളിമേടയിലേക്കാണ്. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ ഫാ. റോബിൻ നിത്യ സന്ദർശകനായിരുന്നു.

Reactions