തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍(75) ആണ് മരിച്ചത്. ഇന്നലെയാണ് നാരായണന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നാരായണനും മകനും കഴിഞ്ഞ 16-ാം തിയതിയാണ് തേനിയില്‍ നിന്ന് ഇടുക്കിയിലെത്തിയത്. രഹസ്യപാതയിലൂടെ എത്തിയ ഇവര്‍ സ്വന്തം ഏലത്തോട്ടത്തിന് നടുവിലെ വീട്ടില്‍ ആരുമറിയാതെ താമസിച്ചു വരുകയായിരുന്നു.
സ്‌പെഷല്‍ ബ്രാഞ്ച് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ അടുത്തെത്തിയത്. എന്നാല്‍ ഇരുവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറായില്ല. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം സ്രവങ്ങള്‍ ശേഖരിച്ച് അയച്ചു.
ഇന്നലെ ഇരുവരുടെയും പരിശോധനാഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നാരായണനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
