തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിയിൽനിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) ഒഴിവാക്കി. കൺസൾട്ടൻറ് സ്ഥാനത്തുനിന്നാണ് പിഡബ്ല്യുസിയെ നീക്കിയത്. പദ്ധതിയുടെ കരട് രേഖ സമയപരിധിക്കുള്ളിൽ കമ്പനി സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കമ്പനിയെ ഒഴിവാക്കിയത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്ക് കൺസൾട്ടൻറ് സ്ഥാനത്തുനിന്ന് നേരത്തെ പിഡബ്ല്യുസിയെ ഒഴിവാക്കിയിരുന്നു. കൺസൾട്ടൻസി കരാറുകൾക്കെതിരെ സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തിയിരുന്നു. സർക്കാരിൻറെ എല്ലാ കൺസൾട്ടൻസി കരാറുകളും പരിശോധിക്കണമെന്നും കരിന്പട്ടികയിലുള്ള സ്ഥാപനങ്ങൾക്ക് കരാർ നൽകരുതെന്നും സിപിഎം നിർദേശിച്ചു. ഇതോടെ മറ്റ് കൺസൾട്ടൻസികളും സർക്കാർ പരിശോധിക്കും.
നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഇ-മൊബിലിറ്റി പദ്ധതി വഴി 4,500 കോടി മുടക്കി 3,000 ബസുകൾ വാങ്ങാനുള്ള പദ്ധതിയിലെ കൺസൽട്ടൻസി കരാർ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയതിൽ വൻ അഴിമതിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
