കൊല്ലം: ഭർത്താവ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന സംഭവത്തിൽ രാസപരിശോധന ഫലം പുറത്തു വന്നു. ഉത്രയെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയെന്നാണ് രാസപരിശോധന ഫലം. ഉത്രയുടെ ആന്തരികാവയവങ്ങളിൽ സിട്രസിൻറെ അംശം കണ്ടെത്തി. പരിശോധന ഫലം അന്വേഷണ സംഘത്തിന് കൈമാറി.
അടുത്തമാസം കേസിൻറെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിക്കും. നേരത്തെ മൂർഖൻ പാമ്പിനെ കൊണ്ടു തന്നെയാണ് ഉത്രയെ കടിപ്പിച്ചതെന്ന് സൂരജ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കൂട്ടുപ്രതി സുരേഷ് മാപ്പ് സാക്ഷിയാകാൻ തയ്യാറാണെന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതോടെ സൂരജിനെതിരെയുള്ള കുരുക്ക് മുറുകും. ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സൂരജ് സമ്മതിച്ചിരുന്നു അടൂരിലെ വീട്ടിൽ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറഞ്ഞത്. കേസിൽ സൂരജിൻറെ പിതാവ് റിമാൻഡിലാണ്. ഇയാളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. സൂരജിൻറെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വീണ്ടും ചോദ്യം ചെയ്യും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണത്തിലാണ് ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അടൂരിൽ ഭർതൃവീട്ടിൽ പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞ ഉത്ര അഞ്ചലിലെ വീട്ടിൽ വെച്ച് വീണ്ടും പാമ്പ് കടിയേറ്റാണ് മരിച്ചത്. ആദ്യം മാർച്ച് രണ്ടിന് ഭർത്താവ് സൂരജിൻറെ വീട്ടിൽ വച്ചാണ് പാമ്പ് കടിയേറ്റത്. ഇത് അണലിയായിരുന്നു. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ 16 ദിവസം ചികിൽസ നടത്തി. ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടിൽ കഴിയുന്നതിനിടയിൽ മെയ് ആറിന് വീണ്ടും പാമ്പ് കടിയേൽക്കുകയായിരുന്നു. തുടർന്നാണ് മരിച്ചത്.
