Hot Posts

6/recent/ticker-posts

രാജ്യത്ത് കോവിഡ് ബാധിതർ കുതിച്ചുയരുന്നു: റഷ്യയെ പിൻതള്ളി ഇന്ത്യ മൂന്നാം സ്ഥാനത്ത്



ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്. രാജ്യത്ത് 24 മണിക്കൂറിനിടെ 24,248 പേർക്ക് പുതിയതായ്  കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 6,97,413 ആയി. ഇന്നലെ മാത്രം 425 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് 20000ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 2,53,287 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 4,24,432 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 19,693 ആയി ഉയർന്നു. 

2,06,619 കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയാണ് പട്ടികയിൽ ഏറ്റവും മുകളിൽ. 8822 മരണവും മഹാരാഷ്ട്രയിലാണ്. രണ്ടാമതുള്ള തമിഴ്നാട്ടിൽ 1,11,151 പേർക്കാണ് രോഗബാധ. 1510 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. 

ഡൽഹിയിൽ 99,444 പേർക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 3067 പേർ മരിച്ചു. ഇതുവരെ 99,69,662 സാംപിളുകളാണ് ടെസ്റ്റ് ചെയ്തത്. 1,80,596 സാംപിളുകൾ ഞായറാഴ്ച  ടെസ്റ്റ് ചെയ്തു. 

കോവിഡ് ബാധിതരിൽ നാലാം സ്ഥാനത്തുള്ള റഷ്യയിൽ 6.81 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29 ലക്ഷത്തോളം രോഗികളുള്ള അമേരിക്കയും 16 ലക്ഷത്തിലേറെ രോഗബാധിതരുള്ള ബ്രസീലുമാണ് ഇന്ത്യയെക്കാൾ കൂടുതൽ രോഗികളുള്ള രാജ്യങ്ങൾ.
Reactions