കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗം യു.പി.എ വിട്ടിട്ടില്ലെന്നും ദേശീയ തലത്തിൽ പാർട്ടി ഇപ്പോഴും യു.പി.എയുടെ ഭാഗമാണെന്നും ജോസ് കെ മാണി. ഇരുമുന്നണികളുടേയും ഭാഗമാകാതെ സ്വതന്ത്രമായ് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി സ്റ്റിയറിങ് കമ്മറ്റിയിലാണ് തീരുമാനം.
മാണി വിഭാഗത്തെ കേരളത്തിലെ യു.ഡി.എഫിൽ നിന്നാണ്
പുറത്താക്കിയത്. മുൻപും യു.ഡി.എഫ് വിട്ട ഘട്ടങ്ങളുണ്ടായിട്ടുണ്ട്. അന്നും യു.പി.എക്കൊപ്പം നിൽക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. അതൊരു ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
എൽ.ഡി.എഫ് പ്രവേശനം സംബന്ധിച്ച സി.പിഐയുടെ എതിർപ്പിനെ കുറിച്ച് അവരോടു തന്നെ ചോദിക്കണം. കാനം രാജേന്ദ്രന് ഇപ്പോൾ മറുപടി പറയുന്നില്ല. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും അവരുടേതായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് അവർ പറയട്ടേയെന്നും ജോസ് .കെ മാണി പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാൻ സർക്കാരും ജനപ്രതിനിധികളും പഞ്ചായത്തും രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി നിന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോരായ്മകളുള്ളത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനെല്ലാം പരിഹാരവും കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ വിമർശനങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ചില വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുണ്ട്. അവരത് പറയട്ടെയെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.
