ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിനും 18 വിമത എം.എൽ.എമാരക്കെതിരെയും രാജസ്ഥാൻ നിയമസഭ സ്പീക്കർ പുറപ്പെടുവിച്ച അയോഗ്യത നോട്ടീസിൽ ചൊവ്വാഴ്ച വരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാൻ ഹൈകോടതി നിർദേശിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.30 വരെ ഇക്കാര്യത്തിൽ നടപടിയെടുക്കാൻ പാടില്ല.
സ്പീക്കറുടെ കാരണംകാണിക്കൽ നോട്ടീസിനെ ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റും 18 കോൺഗ്രസ് വിമത എംഎൽഎമാരും സമർപ്പിച്ച ഹർജി വാദം കേൾക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ സമ്മർദത്തിനു വഴങ്ങിയാണ് സ്പീക്കർ നോട്ടീസ് നൽകിയതെന്നാണ് സച്ചിൻ പക്ഷം ആരോപിക്കുന്നത്. മുതിർന്ന അഭി ഭാഷകരായ മുകുൾ റൊഹ്തഗിയും ഹരീഷ് സാൽവേയുമാണ് പൈലറ്റിനും പക്ഷത്തിനുംവേണ്ടി ഹർജി നൽകിയത്. ഇരുവരും മുൻകാലങ്ങളിൽ ബിജെപി സർക്കാരുകളുടെ നിയമവിദഗ്ധരായിരുന്നു.
രാജസ്ഥാൻ സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ്വി ഹാജരായി. സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 എംഎൽഎമാരാണ് ഹർജിക്കാർ. സച്ചിൻ പൈലറ്റും മറ്റു വിമത എംഎൽഎമാരും അയോഗ്യരാക്കപ്പെടുകയാണെങ്കിൽ സ്വതന്ത്രരുടെയും മറ്റു പാർട്ടികളിൽ നിന്നുള്ള അംഗങ്ങളുടെയും ബലത്തിൽ സർക്കാരിനെ പിടിച്ചുനിർത്താമെന്നാണ് ഗെഹ്ലോട്ടിന്റെ ആത്മവിശ്വാസം.
എന്നാൽ വിശ്വാസവോട്ടെടുപ്പിൽ സച്ചിനും ഒപ്പം നിൽക്കുന്നവരും കൂടെ പങ്കെടുക്കുന്ന സാഹചര്യമുണ്ടായാൽ കോണ്ഗ്രസ് സർക്കാരിന്റെ കാര്യം അവതാള ത്തിലാകും. സംസ്ഥാന സർക്കാരിനും പാർട്ടിക്കുമെതിരേ പ്രവർത്തിച്ചതിന് അയോഗ്യരാക്കാതിരിക്കണമെങ്കിൽ വെള്ളിയാഴ്ചയ്ക്കകം കാരണം കാണിക്കണമെ ന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് സ്പീക്കർ സി.പി. ജോഷി സച്ചിൻ പൈലറ്റിനും ഒപ്പമുള്ള എംഎൽഎമാർക്കും നോട്ടീസ് നൽകിയത്.
