Hot Posts

6/recent/ticker-posts

കോട്ടയത്തിന്റെ തലനാടന്‍ ഗ്രാമ്പു ഇനി 'സുഭിക്ഷ'മായി ലഭിക്കും.!


കോട്ടയം: തലനാടന്‍ ഗ്രാമ്പു കര്‍ഷകരില്‍ നിന്നും നേരിട്ട് ഏറ്റെടുത്ത് വ്യാവസായികമായി തങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായി പ്രമുഖ കറിപൗഡര്‍ നിര്‍മ്മാതാക്കളായ സുഭിക്ഷം മുന്നോട്ട് വന്നിരിക്കുകയാണ്.

                                           

കോട്ടയം  ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ തലനാട്ടിലെ ഗ്രാമ്പൂ ഇന്ന് ലോക പ്രശസ്ഥമായിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഗുണമേന്മയുള്ള ഗ്രാമ്പൂ തലനാട്ടിലേതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് മൂവായിരത്തിലേറെ അടി ഉയരത്തിലാണ് തലനാട് പ്രദേശങ്ങള്‍, ചൂടും തണുപ്പും സ്വാഭാവികമായി ക്രമീകരിക്കപ്പെടുന്ന കാലാവസ്ഥയാണ് ഇവിടത്തേത്. 

തലനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇവിടുത്തെ കര്‍ഷകരുടെ കൃഷി രീതികളും തലനാടന്‍ ഗ്രാമ്പൂവിന് സവിശേഷമായ ഗുണങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്നു. തലനാടന്‍ ഗ്രാമ്പൂവിനെ അതിന്റെ ഗുണമേന്മയും സവിശേഷതകളും മുന്‍നിര്‍ത്തി ഭൗമ സൂചിക പട്ടികയിലുള്‍പ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരികയാണ്. 

                                             

തലനാടന്‍ ഗ്രാമ്പൂവിന്റെ ആദ്യ ശേഖരം കര്‍ഷകനായ നമ്പുടാകം ടോമിയുടെ വീട്ടില്‍ നിന്നും സുഭിക്ഷം മാനേജിംഗ് ഡയറക്ടര്‍ സതീഷ് സുഭിക്ഷം ഏറ്റുവാങ്ങി. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് ബാബു, വൈസ് പ്രസിഡന്റ് ആശ റിജു, കൃഷി ഓഫീസര്‍ വി എം പരീദുദ്ദീന്‍, സുഭിക്ഷം മാനേജര്‍ ആനന്ദ്, ജെറി എന്നിവര്‍ പങ്കെടുത്തു. തലനാടന്‍ ഗ്രാമ്പുവിന്റെ ഗുണമേന്മ അതിവേഗത്തില്‍ ലോകമെമ്പാടും പ്രശസ്തമാകുകയാണെന്നും ഗ്രാമ്പുവിന്റെ പ്രചരണത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സതീഷ് സുഭിക്ഷം പറഞ്ഞു.



Reactions