Hot Posts

6/recent/ticker-posts

വി​ദേശി വേണ്ട, 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം


ന്യൂഡൽഹി: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആത്മനിർഭർ ഭാരത് ഉദ്യമത്തിന്റെ ഭാഗമായാണ് ഇറക്കുമതി നിരോധന നയം. 2020 മുതൽ 2024 വരെയാകും പ്രതിരോധ ഇറക്കുമതി നിരോധന നയം തുടരുക. സേനകളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ആഭ്യന്തര പ്രതിരോധ വ്യവസായത്തെ ഉയർത്താനും അതുവഴി രാജ്യത്ത് സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.

പ്രതിരോധ മേഖലക്ക് വേണ്ട ഉപകരണങ്ങൾ ഇന്ത്യ സ്വയം നിർമ്മിക്കും. തദ്ദേശീയമായി ഇവ നിർമിക്കാൻ ഇന്ത്യയിലെ പ്രതിരോധ വ്യവസായ സ്ഥാപനങ്ങൾക്ക് വലിയ അവസരമാണ് ഇത് തുറന്നു നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

നിരോധിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളിൽ ലഘുവായ ഉപകരണങ്ങൾ മാത്രമല്ല ആധുനിക ആയുധങ്ങളും ഉൾപ്പെടും. ആർട്ടിലറി ഗണ്ണുകൾ, അസോൾട്ട് റൈഫിളുകൾ, സോൺ സിസ്റ്റം, ചരക്ക് വിമാനങ്ങൾ, ലഘു യുദ്ധ ഹെലികോപ്റ്ററുകൾ, റഡാറുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടും.

കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി 2015 മുതൽ 2020 വരെ 1,30,000 കോടി രൂപയാണ് രാജ്യം ചെലവിടുന്നത്. നാവികസേനയ്ക്കായി 1,40,000 കോടിയും ഇതേ സമയത്ത് ചെലവിടേണ്ടതായി വന്നു. മൂന്നുസേനകൾക്കുമായി ഇത്തരത്തിൽ 260 പദ്ധതികളിലായി 3.5 ലക്ഷം കോടി രൂപയാണ് ചെലവിടേണ്ടി വരുന്നത്. അടുത്ത ആറുമുതൽ ഏഴ് വർഷങ്ങൾക്കുളിൽ ഇതിനായി ആഭ്യന്തര വിപണിയിൽ 4 ലക്ഷം കോടിരൂപ ചെലവിടാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. 

Reactions