മൂന്നാർ: രാജമല പെട്ടിമുടി ദുരന്തത്തിൽ പെട്ട് കാണാതായ ഒരാളുടെ കൂടെ മൃതദേഹം കണ്ടെത്തി. എൻഡിആർഎഫും അഗ്നിശമനസേനയും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 27 ആയി. തിരച്ചിലിന്റെ മൂന്നാം ദിവസമായ ഇന്ന് മഴ മാറി നിന്നാൽ രക്ഷാദൗത്യം വേഗത്തിൽ നീങ്ങുമെന്നാണ് അധീകൃതരുടെ പ്രതീക്ഷ. ശനിയാഴ്ചയോടെ കൂടുതൽ യന്ത്ര സാമഗ്രികൾ തെരച്ചിലിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉരുൾപൊട്ടിയ ഭാഗങ്ങളിലൂടെ ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്ത് കൂറ്റൻ പാറകൾ വന്നടിഞ്ഞിരിക്കുകയാണ്.ദേശീയ ദുരന്തനിവാരണ സേനയിലെ 58 പേരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച തെരച്ചിൽ നടത്തിയത്. സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നുണ്ട്.
കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി കെ.രാജു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. ഇനി 39 പേരെ കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി 10.50നാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടി നാലു ലയങ്ങളിലെ 30 കുടുംബങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടത്.
