മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 24 ആയി. ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 42 പേരെ മണ്ണിനടിയിൽ നിന്നു പുറത്തെടുക്കാനുണ്ട്.
സ്ഥലത്ത് ചെളിയും പാറക്കൂട്ടങ്ങളും നിറഞ്ഞിരിക്കുന്നതിനാൽ തെരച്ചിൽ നടത്തുന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പോലീസും ഫയർഫോഴ്സും ദേശീയ ദുരന്തനിവാരണ സംഘവും വനംഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കൂടാതെ നാട്ടുകാരുടെ വൻ സംഘവും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.
വെള്ളിയാഴ്ച നടത്തിയ തെരച്ചിലിൽ 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ഇന്നു തന്നെ പോസ്റ്റുമോർട്ടം നടത്തി സമീപത്തു സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം ഒരുക്കുന്നത്.
പെട്ടിമുടിയിൽ കണ്ണൻദേവൻ കമ്പനിയുടെ ഉടമസ്ഥയിലുള്ള ലയങ്ങളിൽ കഴിഞ്ഞവരാണ് ദുരന്തത്തിനിരയായത്. നാലു ലയങ്ങൾക്കു പുറമെ ലേബർ ക്ലബ്, കാൻറീൻ എന്നിവയും പൂർണമായി മണ്ണിനടിയിലായി. നാലു ലയങ്ങളിലായി മുപ്പതു വീടുകളാണുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി 10.50 ഓടെയായിരുന്നു വലിയ ഉരുൾപൊട്ടലുണ്ടായത്. മുപ്പതു വീടുകളിലായി 78 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 12 പേർ രക്ഷപെട്ടു.
എസ്റ്റേറ്റ് ലയങ്ങൾ സ്ഥിതി ചെയ്തിരുന്ന താഴ്വാരത്തിനു സമീപത്തെ മലമുകളിൽ നിന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഒരു കിലോമീറ്ററോളം കൂറ്റൻ പാറകളും മണ്ണും നിരങ്ങിയിറങ്ങി. വീടുകൾ നിന്നിരുന്ന സ്ഥലത്ത് കൂറ്റൻ പാറക്കെട്ടുകളും മണ്ണും വന്നു മൂടിയ നിലയിലാണ്. മൂന്നാറിലെ മറ്റ് എസ്റ്റേറ്റുകളിൽ നിന്നു വ്യത്യസ്തമായി ഒറ്റപ്പെട്ട മേഖലയാണ് രാജമല. ഇതു രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.
സംഭവസമയത്ത് വൈദ്യുതിയും ഫോൺ ബന്ധങ്ങളും ഇല്ലാതിരുന്നതും സംഭവം പുറംലോകമറിയുന്നതിനു തടസമായി. രാത്രി പെയ്ത കനത്ത മഴയിൽ റോഡിൽ മണ്ണിടിഞ്ഞു വീണ് റോഡ് ഗതാഗതം തടസപ്പെട്ടതോടെ എസ്റ്റേറ്റിൽ നിന്നും അടുത്തുള്ള എസ്റ്റേറ്റുകളിലേക്ക് അപകടവിവരം അറിയിക്കാൻ കഴിയാതെയും വന്നു. പുലർച്ചെയാണ് രാജമലയിൽ നിന്നും അടുത്ത എസ്റ്റേറ്റായ നമയക്കാട് എസ്റ്റേറ്റിൽ വിവരമെത്തുന്നത്. അപകടത്തെക്കുറിച്ച് വിവമറിഞ്ഞതോടെ മൂന്നാറിൽ നിന്നും രക്ഷാപ്രവർത്തകരടക്കം നിരവധി പേർ രാജമലയിലെത്തി.
