തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായ് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുന്ന കാസർഗോട്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളാ തീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മൂന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കും. മീൻപിടുത്തക്കാർ കടലിൽ പോകരുത്. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഒഡീഷ തീരത്തേക്ക് നീങ്ങിയതോടെ ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ കുറയുമെന്നാണ് വിലയിരുത്തൽ.
