മൂന്നാർ: മൂന്നാർ രാജമല പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. അഞ്ച് മൃതദേഹങ്ങൾ ലഭിച്ചതായി ജില്ല ഭരണകൂടം സ്ഥിരീകരിച്ചു. മണ്ണിനടിയിൽപ്പെട്ട പത്തു പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് മൂന്നാർ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതിൽ ചിലർക്ക് സാരമായ പരിക്കുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇന്നു പുലർച്ചെയാണ് മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിഞ്ഞത്. ഇടമലക്കുടിയിലേക്കു പോകുന്ന വഴിയിലാണ് രാജമല. ഇവിടെ മൂന്നു ലയങ്ങളിലായി 83 പേർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മണ്ണിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. കനത്ത മഴയെ തുടർന്ന് റവന്യു, പോലീസ് സംഘത്തിന് ഇവിടേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിട്ടതിനാൽ രക്ഷാപ്രവർത്തനം വൈകി.
മണ്ണിടിച്ചിൽ ഉണ്ടായ രാജമല മേഖലയിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ അപകടമുണ്ടായ വിവരം പുറം ലോകത്തെത്താനും വൈകി. മറ്റ് വാർത്താവിനിമയ ബന്ധങ്ങളും താറുമാറിലായിരുന്നു. ഇതിനു സമീപത്തുള്ള ലയങ്ങളിൽ ഉള്ളവരാണ് വഴിയിലുള്ള ഗതാഗത തടസം മറികടന്നു വിവരം പുറത്തറിയിച്ചത്. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തേക്കു പുറപ്പെടുകയായിരുന്നു. എൻഡിആർഎഫിൻറെ സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
കളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആംബുലൻസുകളും അപകട സ്ഥലത്തേക്ക് അയച്ചു. ഇതിനിടെ വനംവകുപ്പ് നൽകിയ വിവരമനുസരിച്ചു കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായാണ് സൂചന.
