തിരുവനന്തപുരം: രാജമല ദുരന്തത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസധനമായി നൽകും. കൂടാതെ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപകടത്തിൽ 30 മുറികളുള്ള നാല് ലയങ്ങൾ പൂർണമായും തകർന്നു. 80-ലേറെപ്പേർ താമസിച്ചിരുന്നു. 15 പേർ മരണപ്പെട്ടു, 15 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി മെഡിക്കൽ കോളേജിലും ഒരാളെ ടാറ്റ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാജമലയിൽ പുലർച്ചയോടെയാണ് മണ്ണിടിച്ചൽ ഉണ്ടായത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. ദുരന്തം പുറംലോകമറിയാൻ വൈകി. റോഡിലെ പാലം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് യഥാസമയം എത്താൻ കഴിഞ്ഞില്ല. ഇത് രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമായി.
രക്ഷാപ്രവർത്തനം അതീവദുഷ്കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്. തൃശൂരിലുള്ള സംഘത്തേയും രാജമലയിലേക്ക് നിയോഗിച്ചു. ഫയർഫോഴ്സിന്റെ അമ്പതംഗ ടീമിനെ എറണാകുളത്ത് നിന്നും നിയോഗിച്ചു. ആകാശമാർഗം രക്ഷാദൗത്യം നടത്താനുള്ള സാധ്യതയും തേടിയിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം ശ്രമം ഫലവത്തായില്ല.
അപകടത്തിൽപ്പെട്ടവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ എറണാകുളം, കോട്ടയം ജില്ലകളിൽനിന്ന് രാജമലയിലേക്ക് നിയോഗിച്ചു. ഇടുക്കി ജില്ലയിൽ മൊബൈൽ മെഡിക്കൽ സംഘത്തേയും ആംബുലൻസുകളേയും തയ്യാറാക്കി. ആവശ്യമെങ്കിൽ രക്ഷാപ്രവർത്തനത്തിന് കരസേനയുടേയും നാവികസേനയുടേയും സഹായം തേടും. വിവിധ ബറ്റാലിയനുകളിൽ നിന്നുളള പോലീസിനെ രാജമലയിൽ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
