കനത്ത മഴയില്‍ മീനച്ചില്‍ താലൂക്കില്‍ പ്രളയം രൂക്ഷം. വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ മീനച്ചില്‍ താലൂക്കിന്റെ പല മേഖലകളിലും മണ്ണിടിച്ചിലും, ഗതാഗത തടസ്സവും ഉണ്ടായി. പൂഞ്ഞാര്‍ പെരിങ്ങളത്തുണ്ടായ ഉരുള്‍പൊട്ടലില്‍ പുത്തന്‍ പറമ്പില്‍ മേരിയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു, ഇവരെ വ്യാഴാഴ്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതിനാല്‍ ആളപായം ഒഴിവായി. പാതാമ്പുഴ ചോലത്തടം കുഴിമ്പള്ളിയില്‍ മണ്ണിച്ചില്‍ ഉണ്ടായി.
മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ പാലാ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പനയ്ക്കപ്പാലം, ഇടപ്പാടി, മൂന്നാനി എന്നിവിടങ്ങില്‍ വെള്ളം
കയറി. ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പാലാ-വൈക്കം റോഡില്‍ ആണ്ടൂര്‍ ഭാഗത്ത് വെള്ളം കയറിയതിനാല്‍ ഈ റോഡിലെ ഗതാഗതം തടസ്സപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടോടെ പാലാ നഗരം പൂര്‍ണമായും വെള്ളത്തിലായി.
