കോട്ടയം: കോട്ടയം ജില്ലയിൽ പാലാ നെല്ലിയാനിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ് യുവാവ് മരിച്ചു. പാലാ ചെത്തിമറ്റം സ്വദേശി കണിശ്ശേരിയിൽ ജസ്റ്റിൻ ആണ് മരിച്ചത്.
നെല്ലിയാനി - ഇടനാട് റൂട്ടിൽ ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. നെല്ലിയാനി ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ജസ്റ്റിന് മുകളിലേക്കാണ് ഓട്ടോ വീണത്. റോഡിൽ രക്തം വാർന്ന് കിടന്നതിന് ശേഷമാണ് അദ്ദേഹത്തെ അശുപത്രിയിലെത്തിച്ചത്. അപകടത്തിന് ശേഷം ആദ്യം ഇത് വഴി വന്ന വാഹനം നിർത്തിയിരുന്നില്ല. പിന്നീട് വന്ന വാനിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രക്തം വാർന്ന് ജസ്റ്റിൻ മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് ജസ്റ്റിൻ. ഇടനാട് ഭാഗത്തേക്ക് ഓട്ടം പോവുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുകളിൽ പ്ലൈവുഡ് കെട്ടി വച്ചിട്ടുണ്ട് .വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതിൻ്റെ കാരണം അറിവായിട്ടില്ല.
