ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത മാസം മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. സെപ്റ്റംബർ 10 മുതലാണ് അനുമതി. ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വെർച്വൽ ക്യൂ വഴി പ്രതിദിനം 1000 പേർക്ക് ദർശനം നടത്താം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിങ്ങ് ചെയ്തുവരുന്നവർക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദർശനം അനുവദിക്കുക. പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ്ങ് സ്വീകരിക്കാനും ഭരണസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയബലിക്കല്ലിനു സമീപം നിന്ന് ദർശനം നടത്തിയ ശേഷം ചുറ്റമ്പലം വഴി പ്രദക്ഷിണംവെച്ച് ഭഗവതിക്ഷേത്രത്തിനു സമീപത്തുള്ള വാതിൽ വഴി പുറത്തേക്ക് പോകുന്ന രീതിയിലാണ് ക്രമീകരിക്കുക. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരിൽ കൂടുതൽ ഭക്തരെ അനുവദിക്കില്ല. തിങ്കളാഴ്ച മുതൽ വാഹനപൂജയും അനുവദിക്കും.
പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്റ്റംബർ 14 ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വെച്ചും നറുക്കെടുപ്പ് സെപ്റ്റംബർ 15 ന് ഉച്ചപൂജക്കുശേഷം നാലമ്പലത്തിനകത്തുവെച്ചും നടത്തും. കാലാവധി പൂർത്തിയായ കോയമ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ, വനിതാ സെക്യൂരിറ്റിക്കാർ എന്നിവരുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടും. ഈ തസ്തികകളിലേക്കും സോപാനം കാവലിനും അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളെ സെപ്റ്റംബർ 14, 15 തിയ്യതികളിൽ ശ്രീപത്മം ബിൽഡിങ്ങിൽ വെച്ച് അഭിമുഖം നടത്താനും തീരുമാനിച്ചു.
