തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തിൽ വീണ്ടും മാറ്റം. അസി. കമ്മീഷണർ എൻ.എസ്. ദേവിനെയാണ് കസ്റ്റംസ് പ്രിവൻറീവ് വിഭാഗത്തിൽനിന്നും ഒഴിവാക്കിയത്. സ്വപ്ന സുരേഷിൻറെ മൊഴി ചോർന്നതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
ജനം ടി.വി കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരായ സ്വപ്‌നയുടെ മൊഴിയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായി. മൊഴി ചോർന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽനിന്ന് മാറ്റിയത്. മൊഴി ചോർന്നതിൽ കേന്ദ്രവും അതൃപ്തി അറിയിച്ചുവെന്നാണ് സൂചന.
മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയതായി വാർത്ത പുറത്തുവന്നിരുന്നു. അനിൽ നമ്പ്യാരുമായി 2018 മുതൽ ബന്ധമുണ്ടെന്നാണ് അവർ കസ്റ്റംസിനോട് പറഞ്ഞത്. സ്വർണക്കടത്ത് പിടിക്കപ്പെട്ട ദിവസം അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗിൽ അല്ലെന്ന പ്രസ്താവന ഇറക്കണമെന്ന് കോൺസുലേറ്റ് ജനറലിനോട് ആവശ്യപ്പെടാൻ അന്ന് നിർദ്ദേശിച്ചുതായാണ് സ്വപ്ന നൽകിയിരിക്കുന്ന മൊഴി
