Hot Posts

6/recent/ticker-posts

സെക്രട്ടേറിയറ്റിലെ തീപിടുത്തം:പ്രതിഷേധത്തിൽ സംഘർഷം, ബി.ജെ.പി നേതാക്കൾ അറസ്റ്റിൽ


തിരുവനന്തപുരം: ഇന്ന് വൈകുന്നേരം സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിൽ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്, ബി.ജെ.പി നേതാക്കാക്കൾ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. സ്ഥലത്തെത്തിയ വിവിധ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പോലീസ് തടഞ്ഞു. സംഘർഷത്തിലേയ്ക്ക് നീങ്ങിയതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ, വിടി ബൽറാം, ശബരീനാഥ് എന്നിവരെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചു. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ഇവരെ  അറസ്റ്റ് ചെയ്ത പോലീസ് നടപടി സംഘർഷത്തിന് ഇടയാക്കി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. 

സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലം സന്ദർശിക്കാൻ പോലും കഴിഞ്ഞിട്ടില്ല. എന്നാൽ പ്രാഥമികമായി ലഭിക്കുന്ന നിഗമനം വലിയ തീപിടിത്തമല്ലെന്നും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞൂ എന്നും ചീഫ് സെക്രട്ടി ചൂണ്ടിക്കാട്ടി. ഒന്നും മറച്ചുവെക്കാനില്ല, അങ്ങോട്ടേക്ക് പോകാനുള്ള സമയം ലഭിച്ചില്ലെന്നും ചീഫ് സെക്രട്ടറി  പ്രതികരിച്ചിരുന്നു.

സ്വർണക്കള്ളക്കടത്ത് അടക്കമുള്ളവയുടെ അതി പ്രധാനമായ ഫയലുകൾ സൂക്ഷിക്കുന്ന സ്ഥലമാണ് ഇവിടമെന്നും തീ പിടിച്ചതല്ല തീവെച്ചതല്ലെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഇതിന് പിന്നാലെ കൂടുതൽ ബിജെപി പ്രവർത്തകരെത്തി കന്റോൺമെന്റ് ഗേറ്റിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. 

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ തീപ്പിടിത്തമുണ്ടായത്. ഏതാനും ഫയലുകളും ഒരു കമ്പ്യൂട്ടറും തീപിടിത്തത്തിൽ കത്തിനശിച്ചു. പിന്നീട് ഫയർഫോഴ്സ് എത്തി തീ അണച്ചു. പൊളിറ്റിക്കൽ വിഭാഗത്തിലെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലായിരുന്നു സംഭവം. ഇന്നലെ പൊതുഭരണ വകുപ്പിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് ജീവനക്കാർ മാത്രമാണ് ഇന്ന് ജോലിക്ക് എത്തിയിരുന്നത്. കമ്പ്യൂട്ടറിൽനിന്നുള്ള ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നും വിവിധ ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള മേഖലയാണിത്. പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസും ഇവിടെയാണുള്ളത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോൾ ഓഫീസറോടാണ്. 


Reactions