ന്യൂഡൽഹി: സ്വർണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾക്കായ് എൻ.ഐ.എ. സംഘത്തിന് ദുബായിലേക്ക് പോകാൻ അനുമതി. . ഒരു എസ്.പി. അടക്കം രണ്ടംഗസംഘത്തിനാണ് ദുബായിലേക്ക് പോകുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ അനുമതി നൽകിയത്.
സ്വർണക്കടത്തു കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുക എന്നതാണ് എൻ.ഐ.എ. സംഘത്തിനു മുന്നിലുള്ള പ്രധാന ദൗത്യം. കേസിലെ മറ്റൊരു പ്രതിയായ റെബിൻസൺ എന്നയാളെ കസ്റ്റഡിയിലെടുക്കാനും ഇതിനായി ദുബായ് പോലീസിന്റെ സഹായം എൻ.ഐ.എ. തേടുമെന്നും സൂചനയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ എൻ.ഐ.എയുടെ രണ്ടംഗ സംഘം ദുബായിലേക്ക് യാത്ര തിരിക്കും.
ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിനൊപ്പം ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യവും എൻ.ഐ.എ. അന്വേഷണത്തിന്റെ പരിധിയിൽ വരുന്നുണ്ട്. കേരളത്തിൽനിന്ന് പോയ യു.എ.ഇയുടെ അറ്റാഷെ ഇപ്പോൾ ദുബായിലുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന് അഭ്യർഥിച്ച് വിദേശകാര്യ മന്ത്രാലയം വഴി ഒരു കത്ത് ഇന്ത്യ നൽകിയിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയവും ദുബായ് അധികൃതരുമായോ യു.എ.ഇ. അധികൃതരുമായോ എൻ.ഐ.എ. ചർച്ച ചെയ്യാനും സാധ്യതയുണ്ട്.
ഫൈസൽ ഫരീദിന്റെ പാസ്‌പോർട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ച സ്ഥിരീകരണം ദുബായ് പോലീസിന്റെ ഭാഗത്തുനിന്നോ യു.എ.ഇ. സർക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. സ്വർണക്കടത്ത് ഒരു ഫെഡറൽ കുറ്റമായാണ് യു.എ.ഇ. കണക്കാക്കുന്നത്. അതിനാൽ ഫൈസലിനെ അബുദാബി പോലീസിന് കൈമാറിയിരിക്കാമെന്നും സൂചനയുമുണ്ട്. സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് എൻ.ഐ.എ. സംഘം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലേക്ക് പോകാൻ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയത്.
