തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കി. ഇക്കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേനെ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ക്വാറന്റെയ്ൻ, ശാരീരിക അകലം എന്നിവയിൽ ഗൗരവം കുറഞ്ഞു. പരാതികൾ ഉയർന്നാൽ ഇനി കർശന നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോൾ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമായിരുന്നുവെന്നതുകൊണ്ടാണ്. മഹാമാരിയെ നേരിടുന്നതിന് എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണ ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആയിരത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്11,342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,467 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
