കൊച്ചി: നാണയം വിഴുങ്ങി മരിച്ച മൂന്നു വയസുകാരന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കുട്ടി രണ്ട് നാണയങ്ങൾ വിഴുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഒരു രൂപയുടേയും അമ്പതു പൈസയുടേയും നാണയങ്ങളാണ് കണ്ടെത്തിയത്.
വൻകുടലിന്റെ താഴ്ഭാഗത്തുനിന്നാണ് നാണയങ്ങൾ കണ്ടെടുത്തത്. അതേസമയം നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങൾ കാക്കനാട് റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളു.
ആലുവ കടുങ്ങല്ലൂർ വളഞ്ഞമ്പലം നന്ദിനി-രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് ശനിയാഴ്ച രാവിലെ നാണയം വിഴുങ്ങിയത്. തുടർന്ന് 11ന് ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ എക്സ്റേ എടുത്തശേഷം ആശുപത്രി അധികൃതർ വീട്ടിലേക്കു പറഞ്ഞുവിട്ടു.
നാണയം കുടലിൽ എത്തിയതായും പഴമടങ്ങിയ ഭക്ഷണം നൽകിയാൽ വയറ്റിൽനിന്ന് നാണയം പൊയ്ക്കൊള്ളുമെന്നുമാണ് അത്യാഹിതവിഭാഗത്തിലെ ഡോക്ടർ പറഞ്ഞത്. ഓപ്പറേഷനുള്ള സാധ്യത തേടിയ ബന്ധുക്കളോട് ആശുപത്രിയിൽ കുട്ടികളുടെ സർജൻ ഇല്ലെന്നും ഡോക്ടർ പറഞ്ഞു.
തുടർന്ന് കുട്ടിയെ ഓട്ടോറിക്ഷയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെയും കുട്ടിയുടെ എക്സ്റേ എടുത്തശേഷം നാണയം കുടലിനു താഴേക്ക് എത്തിയതായി ഡോക്ടർമാർ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചതോടെ ആശുപത്രിയുടെ ആംബുലൻസിൽ വൈകിട്ട് നാലോടെ അവിടെ എത്തിച്ചു.
കണ്ടെയ്ൻമെൻറ് സോണിൽനിന്നു വന്നതിനാൽ അഡ്മിറ്റ് ചെയ്യാനാകില്ലെന്നും ഓപ്പറേഷൻ ചെയ്യേണ്ടതില്ലെന്നുമാണ് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർ അറിയിച്ചത്. നാണയം സ്വയം പോയില്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞു കുട്ടിയെ കൊണ്ടുവരാനും നിർദേശിച്ചു.
പിറ്റേന്ന്കുഞ്ഞ് ഉണരാതെ വന്നപ്പോൾ വീണ്ടും ഇവർ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ കൊണ്ടുവന്നപ്പോഴും കുട്ടിക്ക് ജീവൻ ഉണ്ടായിരുന്നതായും, ആറേകാലോടെ മരിച്ചെന്നും ബന്ധുക്കൾ പറയുന്നു. കുട്ടിയെ ചികിത്സയ്ക്കായി മൂന്നു സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ കിട്ടാതെയാണു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
