തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്നത്.
ഓഗസ്റ്റ് എട്ടിന് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിലും, ഓഗസ്റ്റ് ഒമ്പതിന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലുമാണ് അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഗസ്റ്റ് എട്ട്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കാസർകോട്.
ഓഗസ്റ്റ് ഒമ്പത്: കോഴിക്കോട്, കണ്ണൂർ, കാസർകോട്.,
ഓഗസ്റ്റ് പത്ത്: മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഓഗസ്റ്റ് എട്ട്: തിരുവനന്തപുരം, കൊല്ലം.
ഓഗസ്റ്റ് ഒമ്പത്: ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്.
ഓഗസ്റ്റ് പത്ത്: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട്
ഓഗസ്റ്റ് പതിനൊന്ന്: കോഴിക്കോട്, കണ്ണൂർ, കാസർകോട്- എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
നിലവിൽ കഴിഞ്ഞ നാലു ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണെന്നും കെ.എസ്.ഡി.എം.എ. അറിയിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും കെ.എസ്.ഡി.എം.എ. അറിയിച്ചു. റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
