കിടങ്ങൂർ: ഒറിഗാമിയുടെ സാധ്യതകൾ ഉപയോഗിച്ചു കൊണ്ട് പേപ്പർ വർക്കുകളിൽ മികവ് തെളിയിക്കുന്ന ജഗന്നാഥന്റെ കരവിരുതുകൾ കൗതുക കാഴ്ചയാകുന്നു. ഡ്രാഗൺ ഹാൻഡും, പേപ്പർ ക്രേനും(കൊക്ക്), പേപ്പർ കുടയും, ക്രോസ്ബോയും അടക്കം വൈവിധ്യമാർന്ന നിർമ്മിതികളാണ് ജഗന്നാഥൻ ഒരുക്കിയിരിക്കുന്നത്. കിടങ്ങൂർ സൗത്ത് വൈക്കത്ത്ശ്ശേരിയിൽ ജയചന്ദ്രന്റെയും ഷീലാറാണിയുടേയും മകനാണ് എട്ടാം ക്ലാസ് വിദ്യർത്ഥിയായ ജഗന്നാഥൻ.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പേപ്പർ വർക്കുകളിൽ അഭിരുചി പ്രകടിപ്പിച്ചിരിക്കുന്ന ജഗന്നാഥന് ഒറിഗാമിയിൽ തന്റെ പരീക്ഷണം നടത്താൻ കഴിഞ്ഞ ലോക്ഡൗൺ കാലം അവസരമൊരുക്കുകയായിരുന്നു. ചാർട്ട് പേപ്പറുകൾ മടക്കി പശ ഉപയോഗിക്കാതെ വിവിധ രൂപങ്ങൾ നിർമ്മിച്ചെടുക്കുകയായിരുന്നു ജഗന്നാഥൻ. പഠനത്തിരക്കിനിടയിൽ പുതിയ പരീക്ഷണങ്ങൾക്ക് സമയം കിട്ടാതെ പോയിരുന്നു എങ്കിലും ലോക്ഡൗൺകാലം തന്റെ മികവ് പ്രകടിപ്പിക്കാനുള്ള അവസരമായ് മാറ്റുകയായിരുന്നു ഈ എട്ടാംക്ലാസുകാരൻ. മുത്തോലി ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥിയായ ജഗന്നാഥന് യൂട്യൂബിലൂടെയാണ് പുതിയ നിർമ്മാണ രീതികൾ പഠിക്കാൻ അവസരം ലഭിച്ചത്. രക്ഷിതാക്കളുടെയും സഹോദരി അർച്ചനയുടേയും പ്രേത്സാഹനവും ജഗന്നാഥന് വേണ്ടുവോളം ഉണ്ട്.
ഏറെ സമയം ക്ഷമയോടെ ചിലവഴിച്ചാണ് ജഗന്നാഥൻ ഒരോ രൂപവും നിർമ്മിക്കുന്നത്. നിർമ്മാണത്തിൽ പാകപ്പിഴ വന്നാൽ സങ്കടപ്പെട്ടിരിക്കുമെങ്കിലും വീണ്ടും പരിശ്രമിച്ച് നിർദ്ദിഷ്ട രൂപം പൂർത്തിയാക്കാൻ ജഗന്നാഥൻ ശ്രമിച്ചിരുന്നു. കീചെയ്നും, പിയാനോ വായിക്കുന്ന പൂച്ചയും, പേപ്പർ ക്രേനുംമെല്ലാം വളരെ മനോഹരമായാണ് നിർമ്മിച്ചിരിക്കുന്നത്. അച്ഛനും, അമ്മയും ജോലിക്കു പോകുമ്പോൾ വീട്ടിൽ ഇരിക്കുന്ന ജഗന്നാഥൻ ഏറെ സമയമെടുത്ത് കലാരൂപങ്ങൾ നിർമ്മിക്കുന്നതിനോടൊപ്പം യുട്യൂബ് ചാനലിലൂടെ ഒറിഗാമിയുടെ ബാലപാഠങ്ങൾ കൂട്ടൂകാരെ പഠിപ്പിക്കാനും സമയം കണ്ടെത്തുന്നുണ്ട്.
മടക്കാവുന്ന പേപ്പർ കുടയും, തൊപ്പിയും, ഡ്രഗൺ ഹാൻഡും, ക്രോസ്ബോയുമെല്ലാം നിർമ്മിക്കുന്ന രീതികൾ കിടങ്ങൂർ പി.കെ.ബി ലൈബ്രറിയിലെ ബാലവേദിയിലെ കൂട്ടുകാർക്കും ജഗന്നാഥൻ പറഞ്ഞു കൊടുത്തിരുന്നു. അച്ഛനും അമ്മയും ആവശ്യമായ സാമഗ്രികകൾ വാങ്ങി നൽകി കുട്ടിയുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്തു. ആർക്കിയോളജിയും, അസ്ട്രോണമിയും പഠിച്ച് നിഗൂഢതകളുടെ ചുരുൾ അഴിക്കുന്ന മിസ്ട്രി എക്സ്പ്രോളർ ആകണമെന്ന സ്വപ്നവുമായാണ് ഈ എട്ടാം ക്ലാസുകാരൻ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നത്. ഒറിഗാമിയുടെ സാധ്യതകൾ ഉപയോഗിച്ച് പുതിയ നിർമ്മിതിയുടെ പരീക്ഷണത്തിലാണ് ഇപ്പോൾ ജഗന്നാഥൻ.


