Hot Posts

6/recent/ticker-posts

വെഞ്ഞാറമൂട് കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ


തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതക കേസിലെ മുഴുവൻ പ്രതികളും പോലീസ് പിടിയിൽ. ഇന്ന് രാവിലെയോടെ ഒളിവിലായിരുന്ന അൻസാർ, ഉണ്ണി എന്നിവർ പിടിയിലായതോടെയാണ് ഇത്. പിടിയിലായവരെല്ലാം കോൺഗ്രസ് ബന്ധമുള്ളവരാണ്. നേരത്തെ കൊലപാതകവുമായ് ബന്ധപ്പെട്ട് ആറ് പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിൽ ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മറ്റ് രണ്ട് പേരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. 

കൃത്യത്തിന്റെ ആസൂത്രണത്തിലും പ്രതികളെ സഹായിച്ചതിലും അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികൾക്ക് പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യ പ്രതികളായ സജീവ്, സനൽ എന്നിവരുടെ അറസ്റ്റാണ് ഉച്ചയോടെ രേഖപ്പെടുത്തുക. ഇവരോടൊപ്പം ഇന്ന് പുലർച്ചെ പിടിയിലായ അൻസാറും ഉണ്ണിയുമാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് രണ്ട് പേർ.ഇവരുടെ അറസ്റ്റ് നാളെയാവും രേഖപ്പെടുത്തുക. 

രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്നതിന് കൂടുതൽ വ്യക്തത പോലീസിന് വന്നിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിൽ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. കലാശക്കൊട്ടിനിടെ സംഘർഷമുണ്ടായിരുന്നു. തുടർന്ന് നടന്ന പല അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കുമെതിരെ നിരവധി കേസുകളും ഉണ്ടായിരുന്നു.

നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണ കാരണമെന്ന് പോലീസ് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴുത്തിലും തലയിലും കൈയ്യിലും മാരകമായി മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. വലിയ ഗൂഢാലോചന സംഭവത്തിന് പിന്നിൽ നടന്നിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. പ്രതികളെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രത്യേകം പ്രത്യേകം തെളിവെടുപ്പിന് എത്തിക്കും.

കൊല്ലപ്പെട്ട മിഥിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമാണ്. 

Reactions