കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് പിടികൂടിയ അൽഖായിദ സംഘത്തിലെ കൂടുതൽ പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ടെന്ന് എൻ.ഐ.എ. കൊച്ചിയിൽ നിന്ന് പിടികൂടിയ മൂന്നുപേരെ കസ്റ്റഡിയിൽ വാങ്ങാൻ സമർപ്പിച്ച അപേക്ഷയിലാണ് കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ബംഗാൾ ഭാഷ സംസാരിക്കുന്ന പത്തിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് എൻ.ഐ.എ കണ്ടെത്തിയിരിക്കുന്നത്. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ധനസമാഹരണത്തിനുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമായി പ്രവർത്തിക്കുന്ന ഇവർ വലിയ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നു. സംഘത്തിൽ ഇനിയും തിരിച്ചറിയാത്ത ചിലരുണ്ടെന്നും എൻ.ഐ.എ. വ്യക്തമാക്കുന്നു.
രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ പാകിസ്താൻ സ്‌പോൺസേർഡ് അൽഖായിദ സ്‌ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിടുന്നെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് സെപ്റ്റംബർ 11ന് എൻ.ഐ.എ. കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലും ബംഗാളിലും പതിനൊന്നിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്ന് സംഘത്തിലെ മറ്റ് ആറുപേരും പിടിയിലായി.
