തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിവാദ യൂട്യൂബർ വിജയ് പി. നായരുടെ അക്കൗണ്ട് യൂട്യൂബ്ഡി ഡിലീറ്റ് ചെയ്തു. ഇയാളുടെ അക്കൗണ്ടിലുള്ള വീഡിയോയും നീക്കം ചെയ്തിട്ടുണ്ട്. സൈബർ സെല്ലിൻറെ നിർദേശത്തെ തുടർന്നാണിത്. ഈ വീഡിയോ മറ്റാരെങ്കിലും അപ് ലോഡ് ചെയ്യുന്നുണ്ടോയെന്നും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് പി. നായരെ ഇന്നലെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കലിൻറെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഐടി നിയമപ്രകാരം ജാമ്യമില്ല വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പോലീസും വിജയ് പി. നായർക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, വിജയ് പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
