കോഴിക്കോട്: പാർട്ടി പുനഃസംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് കെ.മുരളീധരൻ എം.പി. എന്നാൽ ഒരു പരസ്യ പ്രതികരണത്തിലൂടെ ഒരു വിഴുപ്പലക്കലിന് ഇല്ലെന്നും, പാർട്ടി പലതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒരു പ്രവർത്തനവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും പാർട്ടി പദവികൾ ഒഴിയണമോ വേണ്ടയോ എന്നത് അവർ തീരുമാനിക്കേണ്ട കാര്യമാണ്. മാധ്യമങ്ങളിലൂടെയാണ് പാർട്ടിയുടെ പല തീരുമാനങ്ങളും അറിയുന്നത്. കൂടിയാലോചന ഇല്ലാതെയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രചരണ സമിതി ചെയർമാനെന്ന് പറയുന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഹൈക്കമാൻഡ് എന്നെയൊരു കാര്യം ഏൽപിച്ചു. അത് ഭംഗിയായി ചെയ്തു. കഴിഞ്ഞ തവണ കോൺഗ്രസ് അധ്യക്ഷയെ കണ്ടപ്പോൾ തന്നെ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. യു.ഡി.എഫിന് ഒരു പ്രതിസന്ധിയുമില്ല. ഞങ്ങളില്ലെങ്കിലും ഇഷ്ടം പോലെ നേതാക്കളുണ്ട്. യു.ഡി.എഫ് ജയിക്കുമെന്നതിൽ സംശയമില്ല. ഞങ്ങളെ ഏൽപിച്ചത് ഡൽഹിയിലെ കാര്യങ്ങൾ നോക്കാനാണ്. അത് ഭംഗിയായി നിർവഹിക്കുന്നുണ്ട്. അതുകൊണ്ട് അങ്കലാപ്പിന്റ പ്രശ്‌നമില്ല. കെ.മുരളീധരൻ മാറിയാൽ ആയിരം മുരളീധരൻമാർ വേറെ വരും. ഇതൊന്നും യു.ഡി.എഫിന്റെ സാധ്യതയേയോ കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രശ്‌നമില്ല.
പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടതുണ്ട്. കേരളം മുഴുവൻ ഓടിനടക്കാനുള്ള സമയമില്ല. എന്റെ പാർലമെന്റ് മണ്ഡലത്തിലും വട്ടിയൂർക്കാവിലും മാത്രമേ പ്രചാരണത്തിന് പോവുന്നുള്ളൂ. അങ്ങനെയൊരു സാഹചര്യത്തിൽ സ്ഥാനം ആലങ്കാരികമായിട്ട് കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കോൺഗ്രസ് അധ്യക്ഷയ്ക്ക് രാജിക്കത്ത് കൊടുത്തതെന്നും മുരളീധരൻ പറഞ്ഞു.
