ന്യൂഡൽഹി: ചവറ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചതായ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാന സർക്കാരിൻറെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. കേന്ദ്ര നിയമ മന്ത്രാലയത്തിൻറെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെയും അഭിപ്രായം തേടിയ ശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യം നടക്കാനിരിക്കേ രണ്ടു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന നിലപാട് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. വിഷയത്തിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും സമാനനിലപാടായിരുന്നു. 2021 മേയിൽ സർക്കാരിൻറെ കാലാവധി തീരാനിരിക്കേ ഉപതെരഞ്ഞെടുപ്പിൻറെ ആവശ്യമില്ലെന്നായിരുന്നു പാർട്ടികളുടെ ഏകാഭിപ്രായം.
കേരളത്തിന് പുറമേ ആസാം, പശ്ചിമ ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളും ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻമന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കുട്ടനാട്ടിലും, വിജയൻപിള്ളയുടെ നിര്യാണത്തെ തുടർന്ന് ചവറയിലും ഒഴിവ് വരികയായിരുന്നു.
