തിരുവനന്തപുരം: 2015 ൽ നിയമസഭയിൽ നടന്ന കൈയാങ്കളിയിൽ പ്രതിപക്ഷ നിയമസഭാ സാമാജികർ പ്രതിചേർക്കപ്പെട്ട കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി കോടതി തള്ളി. അടുത്ത മാസം 15-ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികൾ.
ബാർകോഴ കേസുമായ് ബന്ധപ്പെട്ട് മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണത്തിനിടെ അദ്ദേഹത്തെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എൽ.എ.മാർ സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്.
പൊതുമുതൽ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്ന കേസാണ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയത്. ഹർജി പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം.ടി.തോമസ്, പീറ്റർ മയിലിപറമ്പിൽ എന്നിവർ ഹർജി നൽകിയിരുന്നു. നിയമസഭയിൽ നടന്ന നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്ത പ്രതികൾക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹർജിക്കാർ വാദിച്ചു.
കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവൻ,വി.ശിവൻകുട്ടി എന്നിവരും കേസിലെ പ്രതികളാണ്. വി.ശിവൻ കുട്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്.
