ദില്ലി: എറണാകുളത്ത് നിന്നും അൽ ഖ്വയ്ദ തീവ്രവാദഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ഇന്ന് പുലർച്ചെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവർ പിടിയിലായതെന്നാണ് എൻഐഎ വാർത്താക്കുറിപ്പിലൂടെ അറിയിക്കുന്നത്. ആകെ ഒൻപത് പേരെയാണ് പിടികൂടിയത് ഇതിൽ ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. ഇവർ ബംഗാൾ സ്വദേശികളാണ് എന്നാണ് സൂചന.
രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്താനാണ് പദ്ധതിയിട്ടത്.
ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുക്കളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കുന്നു.
