Hot Posts

6/recent/ticker-posts

അമ്മ തുന്നുമ്പോൾ ആമി പാട്ടു പാടും...



മികച്ച കരിയർ സ്വപ്നം കാണുന്ന പെൺകുട്ടികൾക്കെല്ലാം വിവാഹവും , പ്രസവവുമെല്ലാം അവരുടെ  കരിയറിന്റെ തുടർച്ചയ്‌ക്കൊരു വിലങ്ങു തടിയാവാറുണ്ട്. വിവാഹത്തോടെ തന്റെ സ്വപ്നങ്ങളെല്ലാം അവസാനിച്ചെന്ന് കരുതി വിഷാദത്തിന്റെ പടുകുഴിയിലേക്ക് വീണു പോകുന്ന അനേകം സ്ത്രീജന്മങ്ങൾ നമുക്ക് ചുറ്റുമുണ്ട്. "പോസ്റ്റ്പാ‍ർട്ടം ഡിപ്രഷനെ"ക്കുറിച്ചൊക്കെ നമ്മൾ ധാരാളം കേൾക്കുന്നതുമാണ്. നിസ്സാരമാക്കി തള്ളി കളയാവുന്ന ഒരു രോഗാവസ്ഥയേ അല്ലത്. അത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക്  മാനസികവും ശാരീരികവുമായ പിന്തുണ നൽകേണ്ടത് പ്രധാനമാണ്.

ജീവിതത്തിലെ വിഷമഘട്ടങ്ങളെ തരണം ചെയ്ത് സ്വന്തം ഇഷ്ടത്തിന്റെ നെറുകയിൽ ചവിട്ടികൊണ്ട് തന്റെ കരിയർ കെട്ടിപ്പടുത്തിരിക്കുന്ന ഒരാളുണ്ട് നമ്മുടെ കണ്ണൂരിൽ. പേര് ശ്രീക്കുട്ടി. ഹൂപ് എംബ്രോയിഡറി ആർട് ലൂടെ സന്തോഷങ്ങൾ കോർത്ത് സമ്മാനങ്ങൾ നൽകുന്ന  സോഷ്യൽ മീഡിയയിലെ ''സൂചി'' എന്ന പേജ് ന്റെ തലവത്തി. ഇപ്പോൾ ആയിരത്തിലധികം ഫോള്ളോവെഴ്‌സുമായി മുന്നേറി കൊണ്ടിരിക്കുകയാണ് സൂചി. ഒരു കൊല്ലം തികയാൻ പോവുന്നു "സൂചി"യിലൂടെ ശ്രീക്കുട്ടിയുടെ യാത്ര.



എറണാകുളമാണ് ശ്രീക്കുട്ടിയുടെ സ്വദേശം. എറണാകുളത്ത് തന്നെയുള്ള ഫ്യൂച്ചർ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ അക്കൗണ്ട് സെക്ഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് വിവാഹം കഴിഞ്ഞ് ഭർതൃ വീടായ കണ്ണൂരിലേക്ക് വരുന്നത്. പിന്നെ ജോലിയ്ക്ക് പോകണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മകൾ ആമി ജനിച്ചതോടെ ശ്രീക്കുട്ടിയുടെ കരിയറിൽ നല്ല ഒരു ബ്രേക്ക് വന്നു.
  "സ്കൂളിൽ പഠിക്കുന്ന സമയത്ത് ചെറിയ രീതിയിൽ എംബ്രോയിഡറി പഠിച്ചിരുന്നു. അങ്ങനെ വെറുതെയിരിക്കുന്ന സമയത്താണ് ഇൻസ്റ്റാഗ്രാമിലോക്കെ വരുന്ന ഹൂപ് ആർട് ശ്രദ്ധിയ്ക്കാൻ തുടങ്ങിയത്. അപ്പോൾ വീണ്ടും ട്രൈ ചെയ്തു നോക്കി. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രങ്ങൾ കണ്ടപ്പോൾ ആവശ്യക്കാർ വന്നു. ഓർഡറുകൾ കിട്ടാൻ തുടങ്ങി അങ്ങനെയാണ് "സൂചി"യുണ്ടായത്. 
          വിവാഹിത അതിലുപരി ഒരു രണ്ടു വയസ്സുകാരിയുടെ 'അമ്മ എങ്ങനെയാണ് സമയം കിട്ടുന്നതെന്ന് ശ്രീക്കുട്ടിയോട് ഒരുപാടുപേർ ചോദിയ്ക്കാറുണ്ട്. കാരണം എത്രയൊക്കെ സമയം കിട്ടിയാലും അത് പാഴാക്കി, സമയം കിട്ടുന്നില്ല! എന്ന് പരിതപിക്കുന്ന മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത്. അത്തരക്കാർക്കിടയിൽ നിന്നാണ് ശ്രീക്കുട്ടി കിട്ടുന്ന സമയത്തെ ഫലപ്രദമായി ഉപയോഗിച്ച് മുന്നേറുന്നത്. " സത്യം പറഞ്ഞാൽ എനിയ്ക്ക് സമയം കിട്ടാറില്ല. വീട്ടുപണികളും, മോളെ നോക്കുന്നതുമൊക്കെ കഴിഞ്ഞാൽ ഒരു ദിവസം ഒരു 3 മണിക്കൂർ മാത്രമേ വർക്ക് ചെയ്യാൻ കിട്ടുള്ളൂ. ആമി കുഞ്ഞായിരുന്നപ്പോൾ വല്യ കുഴപ്പമില്ലാരുന്നു. അന്ന് ഞാൻ തുന്നുന്നത് കാണുമ്പോൾ അവൾക്ക് കൗതുകമായിരുന്നു. എന്നാൽ ഇപ്പൊ അങ്ങനെയല്ല കുറുമ്പിയാണ് എപ്പോഴും കൂടെ ഞാൻ വേണമെന്നായിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ അവളെ ഉറക്കി കഴിഞ്ഞ് രാത്രി 2 മണി വരെയൊക്കെ ഇരുന്നു വർക്ക് ചെയ്യേണ്ടി വരും. പക്ഷെ എന്നെ സംബന്ധിച്ച് എനിക്കിതൊരു സർവൈവൽ പോലെയാണ്. വല്ലാത്തൊരു മടുപ്പിന്റെ ഉള്ളിൽ നിന്നുമാണ് ഇങ്ങനെയൊക്കെ ചെയ്ത് വരുന്നത്." ശ്രീക്കുട്ടി പറയുന്നു.
പോസ്റ്റ് പാർട്ടം ഡിപ്രെഷൻ അതി ഭീകരമായ അവസ്ഥയാണ് അതിനെ അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിൽ നിന്നും കരകയറാനായെന്നു വരില്ല. "ആദ്യം വേണ്ടത് അത്തരമൊരു സ്റ്റേജ് കൂടെ ജീവിതത്തിലൂടെ കടന്നു പോകാനുള്ളതാണ് എന്ന തിരിച്ചറിവ് സ്ത്രീകൾക്കുണ്ടാവുക എന്നതാണ്. ചിലപ്പോൾ നമ്മൾ കടന്നു പോകുന്ന അവസ്ഥ മറ്റൊരാളുമായി ഷെയർ ചെയ്യാൻ കഴിഞ്ഞെന്നും വരില്ല. എങ്കിലും സ്വയം എന്തിലെങ്കിലുമൊക്കെ ഇൻവോൾവ് ആവാൻ ശ്രമിച്ചാൽ നമുക്ക് തന്നെ മനസ്സിനൊരു സന്തോഷമുണ്ടാവും. എനിയ്ക്കത്  ചെയ്യാൻ കഴിഞ്ഞല്ലോ എന്ന് . ഒരു കഴിവുമില്ലാത്ത ഏത് മനുഷ്യനാ ഉള്ളത്. ഈ ഒരു സ്റ്റേജിൽ നിന്ന് പുറത്തു  കടക്കാൻ എന്തായാലും പറ്റും എന്നതിന് ഉത്തമ ഉദാഹരണമാണ് ഞാൻ." 
ഭർത്താവ് ബിവിത്ത് പൂർണ്ണ പിന്തുണയുമായി ഒപ്പമുള്ളതാണ് ശ്രീക്കുട്ടിയുടെ ഏറ്റവും വലിയ ശക്തി.



"ജീവിതം പലരീതിയിലും നമ്മളെ വേദനിപ്പിച്ചോണ്ടിരിക്കും അതിൽ നിന്നൊക്കെ റിക്കവർ ചെയ്യാൻ  കഴിഞ്ഞാലേ നമ്മളുടെ വിജയം പൂർണ്ണമാവുന്നുള്ളൂ." ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകിയ കാര്യത്തെ ക്കുറിച്ച് ശ്രീക്കുട്ടി പറയുന്നത് ഒരിക്കൽ എംബ്രോയിഡറി നിർത്തിയ ഒരു സ്ത്രീയെ വീണ്ടും അതിലേക്ക് തിരിച്ച് എത്തിക്കാനായി എന്നതാണ്. ശ്രീക്കുട്ടിയോട് എംബ്രോയ്ഡറിയുടെ സംശയങ്ങൾ ചോദിച്ചു ഒരുപാട് സ്ത്രീകൾ മെസ്സേജ് അയക്കാറുണ്ട്. അവർക്കൊക്കെ തനിക്കറിയാവുന്ന കാര്യങ്ങൾ പകർന്നു നൽകാറുണ്ടെന്ന് അതിയായ സന്തോഷത്തോടെയാണ് ശ്രീക്കുട്ടി പറയുന്നത്.



ഫേസ്ബുക്കിൽ ആമിയാണ് താരം


ശ്രീക്കുട്ടി ചെയ്യുന്ന വർക്കുകൾ പോലെത്തന്നെ ആരാധകരുണ്ട് മകൾ ആമിയുടെ പാട്ടുകൾക്കും. രണ്ട് വയസ്സ്‌കാരി ആമി നല്ലൊരു പാട്ടുകാരിയാണ്. ആമി പാടുമ്പോൾ  'അമ്മ ശ്രീക്കുട്ടി തന്നെയാണ് വീഡിയോ എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. പാടുന്നതിലധികവും പഴയ മലയാളം സിനിമ ഗാനങ്ങളായിരിക്കും. " ഞാൻ ഒരുപാട് മെലഡീസ് കേൾക്കുമായിരുന്നു. അവളെ പ്രേഗ്നെന്റ് ആയ സമയത്തെല്ലാം കൂടുതൽ പാട്ടുകൾ കേൾക്കുമായിരുന്നു. ഒരു 10  മാസം തൊട്ടേ  തന്നെ അവൾ പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങി. രണ്ടു തവണ കേട്ടാൽ മതി വരികൾ അവള് ഹൃദ്യസ്ഥമാക്കും."
അപ്പോൾ പിന്നെ അമ്മയ്ക്ക് ആമിയുടെ പാട്ട് കേട്ട് തുന്നാലോ എന്ന് ചോദിയ്ക്കുമ്പോൾ ശ്രീക്കുട്ടിയുടെ മറുപടി :"ശെരിയാ ഫുൾ ടൈം പാട്ടാ. ഇനിയിപ്പോ അവളെ എന്തേലും ചെയ്യുന്നതിനിടയ്ക്ക് കാണാതായാലും ടെൻഷൻ വേണ്ട. ഏതേലും സൈഡിൽ നിന്നും പാട്ടു കേൾക്കും"
(ചിരിയ്ക്കുന്നു )
Reactions