തിരുവല്ല: കേരള കോൺഗ്രസ് -എം മുതിർന്ന നേതാവും ചങ്ങനാശേരി എംഎൽഎയുമായ സി.എഫ്. തോമസ്(81)അന്തരിച്ചു. കേരള കോൺഗ്രസ് -എം ഡെപ്യൂട്ടി ചെയർമാനുമായിരുന്നു. ഏറെ നാളായി അർബുദബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു സി.എഫ് തോമസ്.
കെഎസ്യുവിലൂടെ ആയിരുന്നു സി.എഫ്. തോമസിന്റെ രാഷ്ട്രീയ പ്രവേശനം. അധ്യാപന ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം പാെതുപ്രവർത്തന രംഗത്തേക്ക് എത്തിയത്. 1980 മുതൽ തുടർച്ചയായി ഒമ്പതു തവണ ചങ്ങനാശേരിയിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001-2006ൽ യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിട്ടുണ്ട്. എന്നാൽ കെ.എം. മാണിയുടെ മരണശേഷം പി.ജെ. ജോസഫിനൊപ്പമാണ് അദ്ദേഹം നിലയുറപ്പിച്ചത്.
ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാൻസിസിൻറെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്ബി കോളജിൽ നിന്ന് ബിരുദവും എൻഎസ്എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടി. 1962ൽ ചമ്പക്കുളം സെൻറ് മേരീസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി.
